തിരുവനന്തപുരം:വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി സർക്കാർ ജീവനക്കാരുടെ വേതനത്തിൽ നിന്ന് ഒരു പങ്കെടുക്കാൻ സർക്കാർ നീക്കം.ഇന്നലെ പ്രധാനപ്പെട്ട അഞ്ച് സർവീസ് സംഘടനകളുടെ പ്രതിധികളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി സാലറി ചലഞ്ച് അവതരിപ്പിച്ചു.ശമ്പളം പിടിക്കാൻ പൊതുവായ ധാരണയിലെത്തിയെന്നാണ് സൂചന.പ്രഖ്യാപനം പിന്നീട്.
ആയിരം കോടിയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
അഞ്ചുദിവസത്തെ ശമ്പളത്തിന് തുല്യമായ തുക നൽകാമെന്നാണ് സംഘടനാപ്രതിനിധികൾ അറിയിച്ചത്. കൊവിഡ് കാലത്തെ സർക്കാർ പ്രതിസന്ധി മറികടക്കാൻ ആറുദിവസത്തെ ശമ്പളം വീതം അഞ്ച് മാസം പിരിച്ചിരുന്നു.
സർക്കാർ ഉത്തരവിറക്കി നിർബന്ധമായി പിരിക്കരുത്. താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുത്. തുക നിശ്ചയിക്കാൻ ജീവനക്കാർക്ക് സ്വാതന്ത്ര്യമുണ്ടാകണം.തവണകളായി നൽകാൻ സൗകര്യമുണ്ടാകണം. ശമ്പളത്തിൽ നിന്ന് സംഭാവന നൽകണമെന്ന സർക്കാർ അഭ്യർത്ഥനയെ എതിർക്കില്ല തുടങ്ങിയ നിർദേശങ്ങളും സംഘടനാപ്രതിനിധികൾ മുന്നോട്ടുവച്ചു. സർവീസ് സംഘടനകൾ കൂടിയാലോചിച്ച്ഏകാഭിപ്രായം അറിയിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. എൻ.ജി.ഒ.സംഘിന്റെ മുൻ സംസ്ഥാനപ്രസിഡന്റ് ടി.എൻ.രമേശ്,ജോയന്റ് കൗൺസിലിന്റെ ജയചന്ദ്രൻ കല്ലിംഗൽ, അസോസിയേഷന്റെ ചവറജയകുമാർ, യൂണിയന്റെ എൻ.അജിത് കുമാർ തുടങ്ങിയവരെയാണ് കൂടികാഴ്ചയ്ക്ക് ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓരോരുത്തരുമായാണ് കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് സംഘടനാ നേതാക്കൾ കൂട്ടായി യോഗം ചേരുകയും നിലപാടുകൾ കൈമാറുകയും ചെയ്തു. സർക്കാർ തീരുമാനം സർക്കുലറായി പുറത്തിറക്കാനാണ് സാധ്യത. ജീവനക്കാർക്ക് ഓപ്ഷനുണ്ടാകുമെന്നാണ് അറിയുന്നത്.
# 1000 കോടി സർക്കാർ ലക്ഷ്യം
395 കോടി:
5 ദിവസത്തെ ശമ്പളമായി
സംഘടനകളുടെ വാഗ്ദാനം
1216.29കോടി:
2018ലെ പ്രളയ
വേളയിൽ സാലറി
ചലഞ്ചായി കിട്ടിയത്
4.84 ലക്ഷം:
സർക്കാർ
ജീവനക്കാർ
കണ്ണൂർ വിമാനത്താവളത്തിന്
പോയിന്റ് ഓഫ് കോൾ പദവി
നൽകാനാകില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് വിദേശ രാജ്യങ്ങളുമായി സഹകരിച്ച് സർവീസുകൾ നടത്താൻ സൗകര്യമൊരുക്കുന്ന പോയിന്റ് ഓഫ് കോൾ പദവി നൽകാനാകില്ലെന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി മുരളീധരൻ മഹോൾ രാജ്യസഭയിൽ സി.പി.എം അംഗം ജോൺ ബ്രിട്ടാസിനെയും മുസ്ലിം ലീഗ് അംഗം ഹാരിസ് ബീരാനെയും അറിയിച്ചു. പകരം ,നേരിട്ടും അല്ലാതെയും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം ,കേന്ദ്ര സർക്കാർ നിലപാട് കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയുടെ തുടർച്ചയാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. പോയിന്റ് ഓഫ് കോൾ ചട്ടങ്ങളിൽ സർക്കാർ മറ്റു വിമാനത്താവളങ്ങളോട് വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. നഗരങ്ങളുടെ പേരുകൾ ഉപയോഗിച്ചാണ് പദവി നൽകുന്നതെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഗോവ സംസ്ഥാനമാണെങ്കിലും ദബോലിം, മനോഹർ വിമാനത്താവളങ്ങൾക്ക് 'ഗോവ നഗരം' എന്ന പേരിലാണ് പദവി നൽകിയത്. തൊട്ടടുത്ത കോഴിക്കോട് നഗരത്തെ ബന്ധിപ്പിച്ച് കണ്ണൂർ വിമാനത്താവളത്തിന് പദവി നൽകാനാകുമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
പുൽപ്പള്ളി സഹ. ബാങ്ക് തട്ടിപ്പ്:
കെ.കെ. എബ്രഹാമിന് ജാമ്യം
കൊച്ചി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ ജയിലിലായിരുന്ന മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.കെ. എബ്രഹാമിന് ചികിത്സയ്ക്കായി ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഉദരരോഗം രൂക്ഷമാണെന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് എബ്രഹാം.
ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തത്തുല്യമായ മറ്റ് രണ്ടുപേരുടെ ബോണ്ടും അടിസ്ഥാനമാക്കിയാണ് വിട്ടയയ്ക്കുക. കോടതി അനുമതിയില്ലാതെ വയനാട്, കോഴിക്കോട് ജില്ലകൾ വിട്ടുപോകരുത് എന്നതുൾപ്പെടെ വ്യവസ്ഥകളുണ്ട്.
ഹർജി വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 21നോ അതിന് മുമ്പോ ഡോക്ടറുടെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
333 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് ഇന്ന്
തിരുവനന്തപുരം: എസ്.എ.പി, കെ.എ.പി - 5 എന്നീ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 333 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ എട്ടിന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. 117പുതിയ പൊലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിക്കും.