തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന് 100 മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് നഗരസഭ നോട്ടീസ് നൽകി. സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ രീതി, മാലിന്യ നിർമ്മാർജനം, അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഒരാഴ്ചയ്ക്കകം നഗരസഭയെ അറിയിക്കണം. മറുപടി ലഭിച്ച ശേഷം നഗരസഭയുടെ നേതൃത്വത്തിൽ സർക്കിൾ തലത്തിൽ പരിശോധന നടത്തും. വീഴ്ച കണ്ടെത്തിയാൽ വീണ്ടും നോട്ടീസ് നൽകും. എന്നിട്ടും പരിഹരിച്ചില്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കും.

കഴിഞ്ഞ ദിവസങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡ് തോടിന്റെ 100 മീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ രീതിയെക്കുറിച്ച് സർവേ നടത്തിയിരുന്നു. പലയിടങ്ങളിലും മതിയായ സംസ്കരണ രീതിയില്ലെന്ന് സൂചിപ്പിച്ചതിനെത്തുടർന്നാണ് നഗരസഭ നോട്ടീസ് നൽകിയത്. 600 സ്ഥാപനങ്ങൾക്ക് ഇതിനോടകം നോട്ടീസ് നൽകി. ആകെ 1,600 സ്ഥാപനങ്ങൾക്കാണ് നൽകുന്നത്.

ഫണ്ടില്ലെന്ന് കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി ബസ് കഴുകുന്ന വെള്ളം, ടെർമിനലിന് അകത്തുള്ള കടകളിലെ മാലിന്യം തുടങ്ങിയവ ആമയിഴഞ്ചാൻ തോട്ടിലേക്കാണ് തള്ളിയിരുന്നതെന്ന് നഗരസഭ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നു. വലിയ രീതിയിൽ മാലിന്യ സംസ്കരണ സംവിധാനമൊരുക്കാൻ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് മറുപടി നൽകി. കെ.എസ്.ആർ.ടി.സിക്ക് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും ശുചിത്വമിഷന്റെ ഫണ്ട് കൂടി ഉൾപ്പെടുത്തി മാലിന്യ സംസ്കരണ സംവിധാനമൊരുക്കാനുള്ള പദ്ധതി നടപ്പാക്കുന്നത് ആലോചിക്കുന്നുണ്ടെന്ന് തദ്ദേശ മന്ത്രിയും സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ച് ചീഫ് ഓഫീസർ ശുചിത്വ മിഷന് കത്ത് നൽകിയിട്ടുണ്ട്. അജൈവ മാലിന്യം ഹരിതകർമ്മ സേനയ്ക്കാണ് നൽകുന്നതെന്നും മറുപടിയിൽ പറയുന്നു.

രാജാജി നഗർ മാലിന്യ പ്രശ്നം:

ഇന്ന് പ്രത്യേക യോഗം

രാജാജി നഗറിലെ മാലിന്യ നിർമ്മാർജന സംവിധാനം ചർച്ച ചെയ്യാൻ മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് പ്രത്യേക യോഗം ചേരും. ഇവിടെ ശക്തമായ മാലിന്യ സംസ്കരണം നിലവിലില്ല. നഗരസഭ കൃത്യമായി മാലിന്യ ശേഖരണം നടത്താത്തതിനാൽ ഈ മാലിന്യം ആമയിഴഞ്ചാൻ തോട്ടിലേക്ക് എത്താറുണ്ട്. ഇത് പരിഹരിച്ച് പ്രത്യേക സംവിധാനമൊരുക്കാനാണ് യോഗം.