വർക്കല: താലൂക്ക് ആശുപത്രിയിലെ ലിഫ്ട് തകരാറിലായതിനെ തുടർന്ന് നഴ്സിംഗ് വിദ്യാർത്ഥികളും രോഗികളെ സന്ദർശിക്കാൻ എത്തിയവരും ഉൾപ്പെടെ 18 പേർ ലിഫ്ടിനുള്ളിൽ കുടുങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. താഴത്തെ നിലയിൽ നിന്ന് മൂന്നാമത്തെ നിലയിലേക്ക് എത്തുന്നതിന് തൊട്ടുമുൻപ് ലിഫ്ടിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. ഇതറിഞ്ഞ് കുടുങ്ങിയവർ ആശങ്കപ്പെടേണ്ടതില്ലെന്നുള്ള നിർദ്ദേശം ലിഫ്ടിലെ ഫോണിലൂടെ ജീവനക്കാർ നൽകി.തുടർന്ന് ആശുപത്രി ഇലക്ട്രിഷ്യൻ ലിവർ താഴ്ത്തി ലിഫ്ട് താഴേക്ക് എത്തിച്ചു. 10 മിനിട്ടിനുള്ളിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കാനായി.26 ഓളം പേർക്ക് കയറാൻ കഴിയുന്ന ലിഫ്ടിന് 1768 കിലോ ഭാരം വഹിക്കാൻ ശേഷിയുണ്ട്.അമിത ഭാരമായേക്കാം ലിഫ്ട് തകരാറിലാകാൻ കാരണമെന്നും സാങ്കേതിക തകരാർ പരിശോധിച്ച ശേഷമേ വ്യക്തമാവുകയുള്ളുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.