കുളത്തൂർ: ദുരന്തത്തിന് തൊട്ടുമുമ്പും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് സന്തോഷം പങ്കിട്ടവർ അപ്രതീക്ഷിതമായി മരണത്തിലേക്ക് ആഴ്ന്നുപോയതിന്റെ ‌ഞെട്ടലിലും വേദനയിലുമാണ് മുക്കോലയ്ക്കൽ നിവാസികൾ. പൊതുദർശനത്തിനായി എത്തിച്ച ചേതനയറ്റ ശരീരങ്ങൾ ആംബുലൻസിൽ നിന്ന് പുറത്തേക്കെടുത്തപ്പാേൾ, ഉറ്റവരും ഉടയവരും ഉൾപ്പെടെ നാടാകെ ഒരുപോലെ വിങ്ങിപ്പൊട്ടി.
കരമനയാറ്റിൽ കഴിഞ്ഞ ദിവസം മുങ്ങിമരിച്ച കുളത്തൂർ മുക്കോലയ്ക്കൽ കൊടിവിളാകം കുടുംബത്തിലെ അനിൽകുമാർ(50), മകൻ അമൽ(12), അനിൽകുമാറിന്റെ ജ്യേഷ്ഠൻ സുനിൽകുമാറിന്റെ മകൻ അദ്വൈത് (22), അനിൽകുമാറിന്റെ സഹോദരി ശ്രീപ്രിയയുടെ മകൻ ആനന്ദ് (25) എന്നിവരുടെ മൃതദേഹങ്ങളാണ് കുളത്തൂർ തോപ്പിൽ ധർമ്മരാജൻ സ്മാരക ഇൻഡോർ കോർട്ട് അങ്കണത്തിൽ ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെ പൊതുദർശനത്തിനായി കൊണ്ടുവന്നത്. ആനന്ദും അദ്വൈതും പഠിച്ചിരുന്ന കോളേജുകളിലെ സഹപാഠികൾ നിറകണ്ണുകളോടെയാണ് തങ്ങളുടെ കൂട്ടുകാരെ അവസാനമായി കണ്ടത്. സുഹൃത്തുക്കളിൽ പലരും തങ്ങളുടെ സഹപാഠികളുടെ ചേതനയറ്റ ശരീരത്ത് കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞത് കണ്ടുനിന്നവരെയും കണ്ണീരിലാഴ്‌ത്തി. മുക്കോലയ്‌ക്കലിലെ പൊതുദർശനത്തിനു ശേഷം ഒരു മണിയോടെ അനിൽകുമാറിന്റെ ആര്യനാട്ടുള്ള വസതിയിലേക്ക് കൊണ്ടുപോയി.