photo

തിരുവനന്തപുരം: പൂജപ്പുര ചെറുകര- ചാടിയറ തോട് നവീകരണത്തിന് 38 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി. ചാടിയറ നിവാസികളുടെ ദുരിതത്തെക്കുറിച്ച് ജൂൺ 5ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നവീകരണം ആരംഭിക്കുമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

മഴ പെയ്താൽ തോടിന്റെ കരയിലുള്ള 150ഓളം വീടുകളിലേക്ക് വെള്ളം കയറും. എട്ടുവർഷമായി ഈ ദുരിതം തുടരുകയാണ്. രണ്ടര മീറ്റർ വീതിയുള്ള തോടിന് പാർശ്വഭിത്തി ഇല്ലാത്തതാണ് തോട് കരകവിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. നിരവധി തവണ അധികൃതർക്ക് പരാതി നൽകിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കേരളകൗമുദി വാർത്തയെത്തുടർന്നാണ് അതിവേഗം നടപടി സ്വീകരിച്ചതെന്നും നന്മ കൂട്ടായ്മ ജനറൽ കൺവീനർ അഡ്വ. എസ്.പ്രസന്നകുമാർ പറഞ്ഞു. നവീകരണം എത്രയും പെട്ടെന്ന് ആരംഭിക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.