akhil

തിരുവനന്തപുരം/നെയ്യാറ്റിൻകര: അപകടകാരിയായ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുപേർ ചികിത്സയിൽ.രോഗം ബാധിച്ച് ജൂലായ് 23ന് മരിച്ച അതിയന്നൂർ മരുതംകോട് കണ്ണറവിള അനുലാൽ ഭവനിൽ പ്രഭാകരൻ -സുനിത ദമ്പതികളുടെ മകൻ അഖിലിന്റെ (27) ബന്ധു ശ്രീക്കുട്ടൻ (22), സുഹൃത്തുക്കളായ ഹരീഷ് (27), അച്ചു(26), ധനുഷ് (26) എന്നിവരും പേരൂർക്കട മണ്ണാമൂല സ്വദേശി നിജിത്തുമാണ് (39) ചികിത്സയിലുള്ളത്. ഇയാളുടെ നില അതീവഗുരുതരമാണ്. ശ്രീക്കുട്ടന്റെ നില സാധാരണയിലേക്കെത്തിയതിനാൽ ഐ.സി.യുവിൽ നിന്ന് മാറ്റി. ബാക്കിയുള്ള മൂന്നു പേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അധികൃതർ പറഞ്ഞു. മരിച്ച അഖിലുമായി ബന്ധമുള്ളവരാണ്. എന്നാൽ അതീവഗുരുതരാവസ്ഥയിലുള്ള പേരൂർക്കട മണ്ണാമൂല സ്വദേശിയുടെ രോഗഉറവിടം വ്യക്തമല്ല. ആരോഗ്യനില വഷളായ അവസ്ഥയിലാണ് ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചത്. അതിനാൽ രോഗിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞില്ല. കഠിനമായ പനിയും തലവേദനയുമായി ഗുരുതര നിലയിൽ കഴിഞ്ഞമാസം 21നാണ് അഖിലിനെ മെഡി.കോളേജിൽ പ്രവേശിപ്പിച്ചത്. രോഗനിർണയം പുരോഗമിക്കുന്നതിനിടെ 23ന് മരിച്ചു. പിന്നാലെ എത്തിയവർ അഖിലിന്റെ മരണവിവരം പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ ഡോക്ടർമാർ സ്രവം ശേഖരിക്കുകയും ഇതോടൊപ്പം ചികിത്സ ആരംഭിക്കുകയുമായിരുന്നു.

കുളത്തിലെ സാമ്പിൾ നെഗറ്റീവ്

മരിച്ച അഖിലും ചികിത്സയിലുള്ള നാലുപേരും നെല്ലിമൂട് കാവിൻകുളത്തിൽ കുളിച്ചവരാണ്. ഈ കുളത്തിൽ നിന്ന് രോഗം പകർന്നെന്നായിരുന്നു സംശയം. അതിനാൽ കുളം പഞ്ചായത്ത് അധികൃതർ വലകെട്ടി അടച്ചു. വെള്ളം പരിശോധനയ്‌ക്കും അയച്ചു. എന്നാൽ ഇന്നലെ പബ്ലിക് ഹെൽത്ത് ലാബിൽ നിന്ന് ഫലം വന്നപ്പോൾ വെള്ളത്തിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ പറഞ്ഞു. ഫലം നെഗറ്റീവായതോടെ ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.