വിഴിഞ്ഞം: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഴിഞ്ഞം ഹാർബർ ഏരിയാ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച 75000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന
സ്കൂളിലെ മുഴുവൻ കുട്ടികളും സംരംഭത്തിൽ പങ്കാളികളായി.പത്തിലധികം കുട്ടികൾ തങ്ങളുടെ സമ്പാദ്യ കുടുക്കയിൽ നിന്നുള്ള തുകയും നൽകി.ഓഫീസിലെത്തി വിദ്യാർത്ഥികൾ നേരിട്ട് മുഖ്യമന്ത്രിക്ക് തുക കൈമാറുകയായിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി,എസ്.എം.സി ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി,പി.ടി.എ പ്രസിഡന്റ് അൻവർ ഷാൻ,സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്,അദ്ധ്യാപകൻ സക്കറിയ.പി എന്നിവർ ഒപ്പമുണ്ടായിരുന്നു.