ആര്യനാട്: ഞായറാഴ്‌ച വൈകിട്ട് കരമനയാറ്റിലെ മൂന്നാറ്റുമുക്കിനു സമീപം വരിപ്പാറ കടവിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച ആര്യനാട് പൊട്ടൻചിറ ശ്രീനിവാസിൽ പൊലീസ് ഡ്രൈവർ അനിൽകുമാർ(51),മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥി അമൽ (13),അനിൽകുമാറിന്റെ ജ്യേഷ്ഠൻ സുനിൽകുമാറിന്റെ മകൻ കഴക്കൂട്ടം കുളത്തൂർ കിഴക്കുംകര വൈകുണ്ഠത്തിൽ അദ്വൈത് (22),സഹോദരി ശ്രീപ്രിയയുടെ മകൻ കഴക്കൂട്ടം കുളത്തൂർ കിഴക്കുംകര ചെമ്പകത്തിൻമൂട് കൈലാസത്തിൽ ആനന്ദ് (25 ) എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ആര്യനാട് പൊട്ടൻചിറയിൽ സംസ്‌കരിച്ചു. അനിൽകുമാറിന്റെ അമ്മ റിട്ട.അദ്ധ്യാപിക രാധ അന്ത്യനിദ്ര കൊള്ളുന്നതിനടുത്തായാണ് നാലുപേർക്കും ചിതയൊരുക്കിയത്. പൊലീസിന്റെ ഗാർഡ് ഒഫ് ഓണറോടെയാണ് നാട് ഇവർക്ക് യാത്രാമൊഴി നൽകിയത്. അനിൽകുമാറിന്റെ മറ്റൊരു മകൻ അഖിൽ, സുനിൽകുമാറിന്റെ മറ്റൊരു മകൻ അനന്തരാമൻ, ശ്രീപ്രിയയുടെ മറ്റൊരു മകൻ അരവിന്ദ് എന്നിവർ ചേർന്ന് ചിതകൾക്ക് തീകൊളുത്തി.

ഇന്നലെ രാവിലെ 11 മണിയോടെ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. അനിൽകുമാറിന്റെ മൃതദേഹം എ.ആർ ക്യാമ്പിൽ പൊതുദർശനത്തിന് വച്ചു. ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ മൃതദേഹങ്ങൾ വിലാപയാത്രയായി കുളത്തൂർ തോപ്പിൽ ധർമ്മരാജൻ സ്മാരക ഇൻഡോർ കോർട്ടിൽ പൊതുദർശനത്തിനെത്തിച്ചു. തുടർന്ന് നാല് ആംബുലൻസുകളിലായി മൃതദേഹങ്ങൾ ആര്യനാട് പൊട്ടൻചിറയിലെ കുടുംബവീട്ടിലെത്തിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് മണിക്കൂറുകളോളം അവിടെ കാത്തുനിന്നത്. മൃതദേഹങ്ങൾ ആംബുലസിൽ നിന്ന് പുറത്തെടുക്കുമ്പോൾ വിതുമ്പലുകളും നിലവിളികളും ഉയർന്നു. മക്കളുടെ മുഖം അവസാനമായി കാണാൻ നിലവിളികളോടെ അമലിന്റെ അമ്മ സരിതയും ആനന്ദിന്റെ അമ്മ ശ്രീപ്രിയയും അദ്വൈതിന്റെ അമ്മ മിനിയുമെത്തിയപ്പോൾ കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. അന്ത്യകർമ്മങ്ങൾക്കു ശേഷം വൈകിട്ട് നാലരയോടെ സംസ്‌കാരം നടത്തി.

ജി.സ്റ്റീഫൻ എം.എൽ.എ, ജില്ലാകളക്ടർ അനുകുമാരി, നിയമസഭാ സെക്രട്ടറി ഡോ.കൃഷ്ണകുമാർ, കെ.എസ്.ശബരീനാഥൻ, ഐ.ജി ഹർഷിത അട്ടല്ലൂരി, ഭർത്താവും പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡിയുമായ എച്ച്.നാഗരാജു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, യോഗം ഡയറക്ടർ എസ്.പ്രവീൺകുമാർ, കൗൺസിലർ പറണ്ടോട് മുകുന്ദൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. അനിൽകുമാറിന്റെ സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും എയർപോർട്ടിലെയും ജീവനക്കാരും അമൃതകൈരളി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിച്ചു.