തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ 11കാരന് മരുന്നുമാറി കുത്തിവച്ച സംഭവത്തിൽ അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ.ആശുപത്രിയിൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിയാണ് കുത്തിവയ്പ്പെടുത്തതെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായി. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആദ്യം കുട്ടിക്ക് ഒരു കുത്തിവയ്പ്പെടുത്തു. ശേഷം സ്റ്റാഫ് നഴ്സ് മറ്റൊരു രോഗിക്ക് നൽകാനായി സിറിഞ്ചിൽ മരുന്ന് നിറച്ച് മേശപ്പുറത്ത് വച്ചശേഷം ഇത് രോഗിക്ക് നൽകാൻ എൻ.എച്ച്.എം നഴ്സിനോട് നിർദ്ദേശിച്ചു. അവർ ഇത് വിദ്യാർത്ഥിക്ക് കൈമാറുകയായിരുന്നു.

വിദ്യാർത്ഥികൾ കുട്ടിയെ കുത്തിവയ്ക്കാനെത്തിയപ്പോൾ ഇപ്പോൾ ഒരു കുത്തിവയ്പ് എടുത്തേയുള്ളൂവെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും മുതിർന്ന നഴ്സ് പറഞ്ഞിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താതെ കുത്തിവയ്പ്പെടുക്കുകയായിരുന്നു. സിറിഞ്ചിൽ മരുന്ന് നിറച്ചാൽ ഉടൻ കുത്തിവയ്ക്കണം, അത് എവിടെയെങ്കിലും വയ്ക്കുകയോ ആർക്കെങ്കിലും കൈമാറുകയോ ചെയ്യരുത്.

സിറിഞ്ചിൽ മരുന്ന് നിറയ്ക്കുന്നവർ തന്നെ കുത്തിവയ്പ് എടുക്കണം തുടങ്ങിയ നഴ്സിംഗ് പഠനത്തിലെ പ്രാഥമിക പാഠങ്ങൾ പോലും മറന്നാണ് സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവർ പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണ് സംഭവിച്ചതെന്നും സംഭവത്തിൽ മെഡിക്കൽ അശ്രദ്ധ വ്യക്തമാണെന്നും കണ്ടെത്തിയതോടെയിരുന്നു നടപടി.അതേസമയം ഡോക്ടർ എഴുതിയ മരുന്നാണോ നൽകിയതെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. നഴ്സിംഗ് സൂപ്രണ്ടിന്റെ വിശദീകരണം കൂടി ലഭിച്ചശേഷം തുടർനടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.

കണ്ണമ്മൂല സ്വദേശിയുടെ മകനെ കഴിഞ്ഞ 30നാണ് തൈക്കാട് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചതായി ആരോപണം ഉയർന്നത്. കുത്തിവയ്പിനെ തുടർന്ന് കുട്ടിക്ക് നെഞ്ചുവേദനയും ഛർദ്ദിയുമുണ്ടായി, തുടർന്ന് ഗുരുതരാവസ്ഥയിൽ എസ്.എ.ടിയിൽ പ്രവേശിപ്പിച്ച കുട്ടിയിപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്.