ആര്യനാട്: സ്‌കൂൾ അസംബ്ലിയിൽ നാടൻ പാട്ട് പാടണമെന്ന ആഗ്രഹം സഫലമാകാതെയാണ് അമൽ വിടപറഞ്ഞതെന്ന് ഓർക്കുമ്പോൾ ക്ലാസ് ടീച്ചർ പ്രഭയുടെ കണ്ണുകൾ ഈറനണിഞ്ഞു. നെടുമങ്ങാട് അമൃതകൈരളി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അമലിനെക്കുറിച്ച് പറയുമ്പോൾ അദ്ധ്യാപകർക്കും സഹപാഠികൾക്കും ഓർക്കാനേറെയുണ്ട്.
കലാഭവൻ മാണിയുടെ നാടൻപാട്ടുകളുടെ ആരാധകനായിരുന്നു അമൽ. അസംബ്ലിയിൽ മണിയുടെ ഏതെങ്കിലും പാട്ട് പാടട്ടേയെന്ന് അമൽ ചോദിച്ചപ്പോൾ 'കേൾക്കണോ..പ്രിയ കൂട്ടരേ ' എന്നുതുടങ്ങുന്ന പാട്ട് പഠിച്ചുവരാനായിരുന്നു ക്ലാസ് ടീച്ചറുടെ നിർദ്ദേശം. പാട്ട് എഴുതിയെടുത്ത് മനഃപാഠമാക്കി അവതരിപ്പിക്കാൻ കാത്തിരിക്കുകയായിരുന്നു അമൽ. എന്നാൽ ആ പാട്ടു കേൾക്കാനുള്ള അവസരവും നൽകാതെയാണ് അമൽ പോയതെന്നത് സഹപാഠികൾക്കും വേദനയാകുകയാണ്.
ക്ളാസിൽ മീൻ കൂട്ടിയുള്ള ഊണിനൊപ്പം കൂട്ടുകാരൻ കൊണ്ടു വന്ന പായസവും വാങ്ങി വച്ച് ഉച്ചഭക്ഷണത്തിനിരുന്ന അമലിന്റെ ഓർമ്മകളാണ് സഹപാഠികൾക്ക് പറയാനുള്ളത്. വെള്ളിയാഴ്ച തന്റെ അവസാനത്തെ ക്ളാസിലാണ് സഹപാഠി കൊണ്ടുവന്ന പായസം അമലും വാങ്ങിയത്. 'മീനിനൊപ്പമാണോ പായസം കഴിക്കുന്നതെന്ന ' ക്ലാസ് ടീച്ചറുടെ ചോദ്യത്തിന് മുന്നിൽ ചെറുചിരിയോടെ അമൽ കണ്ണിറുക്കിക്കാണിച്ചു.
മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അമൽ. ക്ളാസ് ലീഡറായി തിരഞ്ഞെടുത്തതോടെ ടീച്ചർമാരുടെ സഹായിയുമായി. അസൈൻമെന്റുകൾ കൃത്യമായി പൂർത്തിയാക്കും. ടീച്ചർമാരോട് സംസാരിക്കുമ്പോൾ അമ്മയോടെന്നപോലെ ചേർന്നു നിൽക്കും... പൂർത്തിയാക്കാനാവാതെ അദ്ധ്യാപകരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വെക്കേഷനിൽ രണ്ടുമാസക്കാലം അമൽ നീന്തൽ പഠിക്കാൻ പോയിരുന്നു. ഒപ്പം കളരിയും. നീന്തൽ പഠിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചേട്ടൻ ആനന്ദ് ഒഴുക്കിൽപെട്ടപ്പോൾ മുതിർന്നവരെപ്പോലെ അങ്ങോട്ടു നീന്തിച്ചെന്നത്. എന്നാൽ ഒഴുക്കു വെള്ളത്തിലെ ചുഴിയെ പ്രതിരോധിക്കാൻ അമലിനായില്ല.