വിതുര: പട്ടൻകുളിച്ചപാറ നിവാസികളുടെ പാലം എന്ന സ്വപ്നം പൂവണിയാൻ ഇനിയും കാത്തിരിക്കണം. പട്ടൻകുളിച്ചപാറയിൽ പുതിയപാലം നിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിട്ട് വർഷം രണ്ട് കഴിഞ്ഞു. വിതുര ആര്യനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പട്ടൻകുളിച്ചപാറ തോട്ടിന് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയർന്ന് ഇതുവഴി സഞ്ചരിക്കുന്നവർ ബുദ്ധിമുട്ടുന്നുണ്ട്. ഇതോടെ കിലോമീറ്ററുകൾ അധികം സഞ്ചരിച്ചാണ് നിശ്ചിതസ്ഥലങ്ങളിൽ എത്തുന്നത്. പാലം നിർമ്മിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമായിരുന്നു.

പാലത്തിനായി അനവധി തവണ ആദിവാസി സംഘടനകളടക്കം മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പട്ടൻകുളിച്ചപാറയിൽ പാലം നിർമ്മിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിലിടപെട്ട് പാലം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കാൻ നടപടികളെടുത്തിരുന്നു. നേരത്തേ പട്ടൻകുളിച്ചപാറയിൽ പുതിയ പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും യാഥാർത്ഥ്യമായില്ല.

പാലം വന്നാൽ

വിതുര ആര്യനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം വിതുര പഞ്ചായത്തിലെ മേമലവാ‌ർഡിൽ അനുവദിച്ച ശ്മശാനത്തോടു ചേർന്നാണ് നിർമ്മിക്കാൻ തീരുമാനിച്ചത്. ആദിവാസിമേഖലകൾ ഉൾപ്പെടുന്ന പന്നിക്കുഴി,പട്ടൻകുളിച്ചപാറ,മീനാങ്കൽ പ്രദേശവാസികളുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് പുതിയപാലം നിർമ്മിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും പാലം മുഖ്യവിഷയമായി ഉയർന്നുവന്നിരുന്നു.

പുതിയപാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ആഘാതപഠനമുൾപ്പെടെ ആരംഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രാരംഭപ്രവർത്തനങ്ങൾ നടന്നത്. പാലത്തിനായി ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ തുക ലഭ്യമാക്കാനും നടപടികളെടുത്തിരുന്നു.

തീരുമാനം കടലാസിൽ

പാലം വരുന്നതോടെ തമിഴ്നാട്, വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിലേക്ക് പൊൻമുടി, ഐസർ എന്നിവിടങ്ങളിൽ നിന്നുള്ള ദൂരത്തിൽ കുറവുവരുമായിരുന്നു. പാലം നിർമ്മാണത്തിന്റെ ഭാഗമായ ജി.സ്റ്റീഫൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഹിയറിംഗ് നടത്തിയിരുന്നു. വിതുര പഞ്ചായത്ത് പ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. രണ്ട് വർഷത്തിനകം നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ വർഷം രണ്ട് കഴിഞ്ഞിട്ടും ഒന്നുമായില്ല. പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ അറിയിച്ചു.

പട്ടൻകുളിച്ചപാറ പാലത്തിന്റെ റീടെൻഡൻ നടത്തി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ അടിയന്തരനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ജി.സ്റ്റീഫൻ എം.എൽ.എ