ചരിത്രം ഇഴചേർന്നതാണ് കൈത്തറിയുടെ കഥ. എ.ഡി 18-കാലഘട്ടത്തിൽ മെസോപ്പൊട്ടേമിയയിലാണ് (ഇന്നത്തെ ഇറാഖിൽ) പരുത്തിപ്പഞ്ഞി കണ്ടെത്തുന്നതും കൈത്തറി നെയ്ത്ത് ആരംഭിച്ചതെന്നുമാണ് ചരിത്ര സൂചനകൾ. പിന്നീട് ഇംഗ്ളണ്ടിൽ വലിയ കൈത്തറി നെയ്ത്തു തൊഴിൽ കേന്ദ്രങ്ങൾ ജന്മമെടുത്തു. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ ഇന്ത്യയെ ഒരു വലിയ വിപണിയായി ഉപയോഗിക്കാമെന്ന് മനസിലാക്കുകയും, സൂററ്റിൽ സ്വർണക്കസവ് തുടങ്ങുകയും ചെയ്തു. തുടർന്ന് പലേടത്തും കുഴിത്തറി നെയ്‌ത്ത് തുടങ്ങുകയും തമിഴ്‌നാട്ടിലെ മധുര അതിന്റെ കേന്ദ്രമാവുകയും ചെയ്തു.
ഇവിടെ പരുത്തിക്കൃഷിയും കുഴിത്തറിയും വ്യാപകമാകാൻ തുടങ്ങിയതോടെ തങ്ങളുടെ വിപണി തദ്ദേശീയർ കയ്യടക്കുമെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ മൽമൽ തുണിത്തരങ്ങളും മുണ്ടും കോറത്തുണിയും അതുകൊണ്ടുണ്ടാക്കിയ വസ്‌ത്രങ്ങളും ലണ്ടനിൽ നിന്ന് ഇറക്കുമതി ചെയ്തുതുടങ്ങി. ഒപ്പം മധുരയിലും അറപ്പുകോട്ടയിലും സ്വദേശി ഉത്‌പന്നങ്ങളുടെ നെയ്ത്തും കുഴിത്തറി നെയ്‌ത്തും വിലക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തിനു ശേഷമാണ്, തിരുവിതാംകൂർ രാജാക്കന്മാർ മധുര - അറപ്പുകോട്ട എന്നിവിടങ്ങളിൽ നിന്ന് തൊഴിലാളികളെ ബാലരാമപുരത്തു കൊണ്ടുവന്ന് ഇവിടെ നെയ്‌ത്തു തൊഴിലിന് കളമൊരുക്കിയത്. ബാലരാമപുരം കൈത്തറിയുടെ ജൈത്രയാത്ര അവിടെ തുടങ്ങുന്നു.
തൊഴിലാളികൾക്ക് രാജഭരണം പാർപ്പിട സൗകര്യങ്ങൾ അനുവദിക്കുക മാത്രമല്ല, കൈത്തറി - കുഴിത്തറി, നെയ്‌ത്തു തൊഴിലിനുള്ള സാമഗ്രികളും സ്ഥലവും തറികളും അനുവദിച്ചു നൽകുകയും ചെയ്തു. ഗോൾഡൻ കസവ് നെയ്ത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ എത്തിച്ച് വ്യവസായത്തെ പ്രോത്സാഹിപ്പിച്ചു. അവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി. അതോടെ ബാലരാമപുരത്തും പരിസരത്തും കൈത്തറി തെരുവുകളും കൈത്തറി ഗ്രാമങ്ങളും ഉടലെടുത്തു. അങ്ങനെ അവിടം കൈത്തറിയുടെ ഈറ്റില്ലമായി രൂപാന്തരപ്പെട്ടു. ബാലരാമപുരത്തിന്റെ കൈത്തറി മികവ് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്, നെയ്‌ത്തു തൊഴിലിന്റെ അംഗീകാരമായി മഞ്ചവിളാകം പി. ഗോപിനാഥൻ മാസ്റ്റർക്ക് രാജ്യം പദ്മശ്രീ ബഹുമതി സമർപ്പിച്ചതോടെയാണ്.
പവർലൂമിന്റെ വ്യാപനം ഈ മേഖലയുടെ നട്ടെല്ലൊടിച്ചെങ്കിലും സഹകരണ മേഖലയിലും അല്ലാതെയും ഈ തൊഴിലും വ്യവസായവും വലിയ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുനീങ്ങുന്നു. കൈത്തറി ഉത്‌പന്നങ്ങൾക്ക് ഇന്ത്യയിലും വിദേശത്തും മികച്ച മാർക്കറ്റുണ്ടെങ്കിലും അർഹമായ സാമ്പത്തിക സഹായവും പ്രോത്സാഹനവും സർക്കാരിൽ നിന്ന് ലഭിക്കാത്തതാണ് പ്രതിസന്ധി. കേരളത്തിൽ ഏറെ പ്രതീക്ഷയ്ക്കു വക നൽകി നടപ്പാക്കിയ സ്കൂൾ യൂണിഫോം പദ്ധതിയിൽ, തൊഴിലാളികൾക്കു നൽകാനുള്ള കോടികളുടെ കൂലിക്കുടിശ്ശിക അടിയന്തരമായി നല്കേണ്ടതുണ്ട്. മാത്രമല്ല, ഈ വ്യവസായത്തെ പുഷ്ടിപ്പെടുത്തി നാലുലക്ഷത്തോളം വരുന്ന തൊഴിലാളികൾക്കും കുടുംബങ്ങൾക്കും താങ്ങാകുന്ന അടിയന്തര നടപടികൾ ഉണ്ടാവുകയും വേണം.
(കെ.പി.സി.സി ജനറൽ സെക്രട്ടറിയും കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് പ്രസിഡന്റുമാണ് ലേഖകൻ)