തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാനിറങ്ങിയ കരാർ തൊഴിലാളി ജോയി മുങ്ങിമരിച്ചിട്ട് ഒരു മാസം പോലുമായില്ല. അതുകൊണ്ടൊന്നും പഠിക്കാതെ, ഇപ്പോഴും ഇവിടേക്ക് മാലിന്യം വലിച്ചെറിയുന്നവരുണ്ടെന്നാണ് തോട്ടിലെ കാഴ്ചകൾ വ്യക്തമാക്കുന്നത്. ജൂലായ് 13നാണ് തോട് ശുചീകരണത്തിനിടെ ഒഴുക്കിൽപ്പെട്ട് ജോയിയെ കാണാതായത്. 15ന് മൃതദേഹം കണ്ടെത്തി. അന്ന് തോട്ടിലെ കുറയെ മാലിന്യം നീക്കം ചെയ്തിരുന്നു. നിലവിൽ തമ്പാനൂർ, പഴവങ്ങാടി, തകരപ്പറമ്പ് എന്നിവിടങ്ങളിൽ പ്രതിദിനം മാലിന്യം നീക്കുന്നുണ്ടെങ്കിലും വീണ്ടും വന്നടിയുകയാണ്.
ജനങ്ങൾ ഇപ്പോഴും ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം തള്ളുന്നതായി ശുചീകരണ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഒരു വിഭാഗം നഗരവാസികളും കച്ചവടക്കാരുമാണ് മാലിന്യം നിക്ഷേപം തുടരുന്നതെന്നാണ് ഇവരുടെ പരാതി. രാത്രിയിലും പുലർച്ചെയുമാണ് ആളുകൾ മാലിന്യം നിക്ഷേപിക്കുന്നത്. സി.സി ടിവി ഇല്ലാത്തയിടങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. നിലവിൽ നടക്കുന്ന മാലിന്യനീക്കം രണ്ടുദിവസം മുടങ്ങിയാൽ പഴയതുപോലെ തോട് മാലിന്യത്താൽ നിറയുന്ന അവസ്ഥയാണ്.
അതേസമയം ജോയിയുടെ മരണം നല്ലൊരു വിഭാഗം നഗരവാസികളുടെ കണ്ണുതുറപ്പിച്ചു. മാലിന്യ നീക്കത്തിന് അവർ മറ്റ് വഴികൾ തേടിക്കഴിഞ്ഞു. മാലിന്യം നിർമ്മാർജനത്തിന് കൂടുതൽ സംവിധാനം അധികൃതർ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
എല്ലാം തോട്ടിൽ
പ്ളാസ്റ്റിക് കുപ്പികൾ, കവറുകൾ, തെർമോകോൾ, മദ്യക്കുപ്പികൾ, നഗരത്തിന്റെ പലഭാഗങ്ങളിൽ നിന്നെത്തുന്ന ഡ്രെയിനേജ്, വീട്ടുപകരണങ്ങൾ, വസ്‌ത്രങ്ങൾ, ചെരുപ്പുകൾ, ഭക്ഷണ- ഇറച്ചി മാലിന്യങ്ങൾ, ഡയപ്പർ, സാനിറ്ററി നാപ്കിൻസ് തുടങ്ങിയവ.