കല്ലറ: നാട്ടിൻപുറങ്ങളിൽ ഇനി നാടൻ പന്തുകളിയുടെ കാലം.നാടൻ കളികളും വിനോദങ്ങളും അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് അത്തരത്തിലൊരു തനത് ഗ്രാമീണ വിനോദമാണ് നാടൻ പന്തുകളി. ഓണക്കാലമാകുന്നതോടെ കൊയ്തൊഴിഞ്ഞ പാടത്തും വാഹനത്തിരക്കില്ലാത്ത നാട്ടുവഴിയോരത്തുമാണ് ഇതു കളിക്കുക.

ജില്ലയിലെ പുളിമാത്ത് എന്ന ഗ്രാമത്തിൽ നാടൻ പന്തുകളിയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരുപറ്റം യുവാക്കളുണ്ടെന്നത് ശ്രദ്ധേയമാണ്.ഓണാഘോഷത്തിന്റെ ഭാഗമായി നാടൻപന്തുകളി ടൂർണമെന്റായി സംഘടിപ്പിക്കും.എണ്ണം പറഞ്ഞ് കൈകൊണ്ട് പന്ത് തറയിൽ അടിച്ചുയർത്തിയും കാൽകൊണ്ട് അടിച്ചുമാണ് കളിക്കുന്നത്.

പന്തടിക്കുമ്പോൾ നിലം തൊട്ടാൽ പിന്നെ കാലുകൊണ്ടേ കളിക്കാനാവൂ. കൈ തൊടാൻ പാടില്ല. അതേ സമയം ഉയർത്തി പന്തടിച്ചാൽ എതിർ ടീമിന് വായുവിൽ വച്ചു പന്തുപിടിക്കാം. അങ്ങനെ പിടിച്ചാൽ പന്തടിച്ച കളിക്കാരൻ പുറത്തു പോയി അതേ ടീമിലെ അടുത്ത കളിക്കാരന്റെ ഊഴമായി. അങ്ങനെ ഒരു ടീമിന്റെ പന്തടി മുഴുക്കെ തീർന്നാലാണ് അടുത്ത ടീം കളി തുടങ്ങുക. ഓരോ റൗണ്ടിലും ഇരു ടീമിന്റെയും പന്തടി ഒരു കളത്തിൽ നിന്നാവും.

ആദ്യം പന്തടിക്കുന്ന ടീമിന്റെ ഊഴം തീരുമ്പോൾ കളം വച്ചുമാറും. ഭൂമിയുടെ ചരിവും കാറ്റിന്റെ ആനുകൂല്യവും ഒരു ടീമിനെ അമിതമായി സഹായിക്കാതിരിക്കാനാണ് ഈ മുൻകരുതൽ.

പലതരം പേരുകൾ

വെട്ടുപന്തുകളി,തോൽപന്തുകളി,കുറ്റിപ്പന്തുകളി, തലമകളി,തലപ്പന്തുകളി,ആട്ടകളി, കൊള്ളികളി, ചൊട്ടകളി എന്നിങ്ങനെ വിവിധ പേരുകളിൽ ദേശഭേദങ്ങളോടെ കേരളത്തിലങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ടായിരുന്ന കായിക വിനോദമാണ് നാടൻ പന്തുകളി.

കളരിയുടെ സ്വാധീനം

കേരളീയ ആയോധനകലയായ കളരിയുടെ സ്വാധീനം നാടൻ പന്തുകളിയിൽ പ്രകടമാണ്. വിവിധങ്ങളായ കളരി മുറകളെ അനുസ്മരിപ്പിക്കുന്നതാണിത്. വിനോദത്തോടൊപ്പം ശാരീരിക ക്ഷമത പരിപോഷിക്കുക എന്നതും ഈ വിനോദത്തിന് പിന്നിലുണ്ട്.

കളിക്കാം

പന്ത് എതിർടീമിന്റെ അതിർത്തിക്കപ്പുറത്തേക്ക് അടിച്ചുകളഞ്ഞാണ് എണ്ണം അഥവാ പോയിന്റ് നേടുന്നത്. ഒറ്റ,ഇരട്ട, കിള്ളി,താളം,കബഡി,പിടിച്ചുകെട്ട്,താളം എന്നിങ്ങനെ ഏഴ് ഇനങ്ങൾ ചേർന്നതാണ് ഒരു ഗെയിം. ഒരു കൈകൊണ്ടു പന്തുപിടിച്ച് വായുവിലിട്ട് അതേ കൈ നിവർത്തി പന്തിനിട്ട് അടിക്കുന്നതാണ് ഒറ്റ. ഒറ്റയൊന്ന്, ഒറ്റരണ്ട്, ഒറ്റ മൂന്ന് എന്നിങ്ങനെ മൂന്നെണ്ണം വീതമുണ്ട്. രണ്ടു ടീമായോ ഓരോരുത്തർ എതിരാളികളായോ കളിക്കാം. പന്ത് എണ്ണം പറഞ്ഞു അടിച്ചാണ് കളിക്കുക.ഇരുവിഭാഗം കളിക്കാർ കളം തിരിഞ്ഞ് മുന്നിലും പിന്നിലുമായാവും നിൽക്കുക.