hi

തിരുവനന്തപുരം: കാഴ്‌ചപരിമിതരുടെ ലിപിയായ ബ്രെയിലിയിൽ ആദ്യത്തെ ജീവചരിത്രം പുറത്തിറങ്ങുന്നു. മാദ്ധ്യമ പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ സനു കുമ്മിളിന്റെ ആദ്യ പുസ്തകമായ 'അവിരാമം'' ആണ് ബ്രെയിലി ലിപിയിൽ പ്രസിദ്ധീകരിക്കുന്നത്. ഗായികയും കോഴിക്കോട് രാമനാട്ടുകര സേവാമന്ദിരം ഹൈസ്‌കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയുമായ ആയിഷ സമീഹയുടെ ബ്രെയിലി ലിപിയിലുള്ള പുസ്തക അന്വേഷണവും പരാജയവും സോഷ്യൽ മീഡിയയിൽ കുറിച്ചതോടെയാണ് പാഠപുസ്തകങ്ങൾക്കപ്പുറം ബ്രെയിൽ ലിപിയിൽ കാര്യമായി വായനാപുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവുണ്ടായത്. അതാണ് അവിരാമം ബ്രെയിൽ ലിപിയിൽ പ്രസിദ്ധീകരിക്കാനുള്ള സനുവിന്റെ തീരുമാനത്തിന് പിന്നിൽ.


രണ്ടുവർഷം മുമ്പാണ് അവിരാമം പുറത്തിറങ്ങിയത്. സമൂഹത്തിലെ വിവിധതലങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന ഡസനിലേറെ സാധാരണ മനുഷ്യരുടെ ജീവിതങ്ങളായിരുന്നു പുസ്തകത്തിന്റെ പ്രമേയം. കേരളത്തിലെ അന്ധവിദ്യാലയങ്ങളിൽ സ്‌കൂളുകളിൽ ആദ്യഘട്ടത്തിൽ പുസ്തകം എത്തിക്കാനും പദ്ധതിയുണ്ട്. ബ്രെയിലി ലിപിയിൽ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ച അനീഷ് സ്‌നേഹയാത്രയും സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ മഹേഷ് മണിരാജും നൽകിയ പിന്തുണയാണ് ബ്രെയിലി ലിപിയിലെ ആദ്യത്തെ ജീവചരിത്രക്കുറിപ്പുകളായി അവിരാമം പുറത്തിറങ്ങാൻ കാരണമെന്ന് സനു പറഞ്ഞു.

ആയിഷയുടെ കുറിപ്പ് അവളുടെ മാത്രം ആശങ്കയായിരുന്നില്ല. ഒരുപാടുപേർ ഈ ആകുലത പങ്കുവച്ചിട്ടുണ്ടാകും. അവർക്കൊക്കെ വേണ്ടിയാണ് ഈ പുസ്തകം

-

സനു കുമ്മിൾ


ഫോട്ടോ: സനു