തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കൈത്തറി തുണിത്തരങ്ങൾക്ക് നിറം നൽകാൻ കൈത്തറി ഡയറക്ടറേറ്റ് പുതിയ ഡൈ യൂണിറ്ര് തുടങ്ങുന്നു. കണ്ണൂർ നാടുകാണിയിൽ കിൻഫ്ര വക സ്ഥലത്ത് സ്ഥാപിക്കുന്ന യൂണിറ്രിന് 30 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനാണ് ഡി.പി.ആർ തയ്യാറാക്കുന്നത്. ഇപ്പോൾ നൂൽ തമിഴ്നാട്ടിൽ കൊണ്ടുപോയി നിറം കൊടുക്കുകയോ നിറമുള്ള നൂൽ വാങ്ങുകയോ ആണ് ചെയ്യുന്നത്.
പരിശീലന, ഉത്പാദന, വിപണന മേഖലകൾക്കായി നടപ്പു സാമ്പത്തികവർഷം 52 കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പരമ്പരാഗത കൈത്തറി ഉത്പന്നങ്ങൾക്കു പുറമെ സ്കൂൾ യൂണിഫോം നൽകുന്നതാണ് കൈത്തറിമേഖലയുടെ മറ്റൊരു പ്രധാനവരുമാനം. ഒമ്പതു ലക്ഷം കുട്ടികൾക്കായി 42 ലക്ഷം യൂണിഫോമുകളാണ് നൽകിയത്. 120 കോടിയാണ് വിദ്യാഭ്യാസ വകുപ്പ് വഴി ഈ ഇനത്തിൽ കിട്ടിയത്. 2016-17-ൽ തുടങ്ങിയ യൂണിഫോം പദ്ധതിയിലൂടെ നാളിതുവരെ 517 കോടി കിട്ടിയിട്ടുണ്ട്. കൈത്തറി മേഖലയിലെ തൊഴിലാളികൾക്കായി 56 സർക്കിളുകൾ കേന്ദ്രീകരിച്ച് ആരോഗ്യപദ്ധതി നടപ്പാക്കി. പ്രായമായ തൊഴിലാളികൾക്ക് കണ്ണട വാങ്ങാൻ ഒരാൾക്ക് 2000 രൂപ വീതം നൽകുന്നു.
കാൽ ലക്ഷം തൊഴിലാളികൾ
380 സഹകരണ സംഘങ്ങളിലായി 25,000ത്തോളം തൊഴിലാളികളാണ് പണിയെടുക്കുന്നത്. പ്രതിവർഷം 100 കോടിയോളമാണ് പരമ്പരാഗത ഉത്പന്നങ്ങളിൽ നിന്നുള്ള വരുമാനം. 110 വില്പന കേന്ദ്രങ്ങളാണുള്ളത്.ആമസോൺ, ഫ്ളിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഏജൻസികൾ വഴിയും വില്പനയുണ്ട്. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷനാണ് സബ്സിഡി നിരക്കിൽ നൂൽ നൽകുന്നത്.
ദേശീയ കൈത്തറി ദിനം
കൈത്തറി -നെയ്ത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും നെയ്ത്തുകാരുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുമാണ് ആഗസ്റ്റ് ഏഴ് ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്. 2015 ലായിരുന്നു ആദ്യ ദിനാചരണം. 1905 ആഗസ്റ്ര് ഏഴിന് കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കാണ് ദേശീയ കൈത്തറി ദിനാചരണം തുടങ്ങിയത്.
25,000
കൈത്തറി മേഖലയിലെ ആകെ തൊഴിലാളികൾ
380
സംഘങ്ങൾ
100 കോടി
ഉത്പന്ന വിറ്റുവരവ്