വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ കുടിവെള്ളം കിട്ടാക്കനിയാണ്. പഞ്ചായത്തിലെ 1,2,3,5,6 വാർഡുകളിൽ ജലവിതരണം മുടങ്ങിയിട്ട് 10 ദിവസത്തിൽ ഏറെയായി. കുടിക്കാനും കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ.

ഉയർന്ന പ്രദേശമായതിനാൽ മിക്ക വീടുകളിലും കിണറുകളില്ല.വാട്ടർ അതോറിട്ടിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിച്ചാണ് ജനങ്ങൾ കഴിയുന്നത്.പാലച്ചിറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പാലച്ചിറ സ്കൂളിന് സമീപം സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസിൽ നിന്നാണ് പ്രദേശത്തെ ജലവിതരണം സാദ്ധ്യമാകുന്നത്.

മോട്ടോർ കേടായി;

പമ്പിംഗ് നിലച്ചു

പമ്പ് ഹൗസിലെ മോട്ടോർ കേടായത് മൂലമാണ് ജലവിതരണത്തിൽ തടസം നേരിടാൻ കാരണമായി അധികൃതർ പറയുന്നത്. ജലക്ഷാമമില്ലാത്ത സാഹചര്യത്തിലും പമ്പിംഗ് നിലച്ചതോടെ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ.അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് മുസ്ലിം ലീഗ് ചെറുന്നിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സലിം,മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പാലച്ചിറ അൻസാരി എന്നിവർ പറഞ്ഞു.