പാറശാല: രണ്ട് വില്ലേജുകൾ ഉൾപ്പെടുന്ന കേരളത്തിലെ ചുരുക്കം ചില പഞ്ചായത്തുകളിൽ (പാറശാല, പരശുവയ്ക്കൽ വില്ലേജുകൾ) ഒന്നാണ് പാറശാല. 80,0000ലേറെ ജനസാന്ദ്രതയുള്ള 24വാർഡുകൾ ഉൾപ്പെടുന്ന ഒരു ബൃഹത് എഗ്രേഡ് ഗ്രാമപഞ്ചായത്താണിത്.
വിസ്തീർണ്ണത്തിനും ജനസാന്ദ്രതയ്ക്കും പുറമെ ഭരണസംവിധാനങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചകളും
അർഹിക്കുന്ന പ്രാതിനിദ്ധ്യം ലഭിക്കുന്നില്ലെന്നുമുള്ള പരാതിയിൽ പാറശാല ഗ്രാമപഞ്ചായത്തിനെ രണ്ടു പഞ്ചായത്തുകളായി വിഭജിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവരികയാണ് പരശുവയ്ക്കലിലെ ജനങ്ങൾ.
വിഷയം സർക്കാരിന്റെ മുന്നിലെത്തിയതോടെ പഠനം നടത്തിയെങ്കിലും പിന്നീട് നിരസിക്കുകയായിരുന്നു. പരശുവയ്ക്കലിലെ നാട്ടുകാർ പൗരസമിതി രൂപീകരിച്ച് പ്രതിഷേധ സമരപരിപാടികളുമായി രംഗത്തു വന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പരശുവയ്ക്കൽ സ്വദേശികൂടിയായ അഡ്വ.മോഹൻകുമാറിന്റെ നേതൃത്വത്തിൽ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി ആവശ്യം അംഗീകരിച്ചു. വിഭജനത്തിലൂടെ കേരളത്തിൽ പുതിയ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നപക്ഷം അതിൽ ആദ്യത്തേത് പരശുവയ്ക്കൽ പഞ്ചായത്ത് ആയിരിക്കണമെന്നും ഉത്തരവുണ്ടായി. രണ്ട് തിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും വിഭജനം നടക്കാത്തതിനാൽ കോടതി ഉത്തരവ് നടപ്പിലാക്കാതെ നീളുകയാണ്.
ആവശ്യം
പരശുവയ്ക്കൽ വില്ലേജ് സ്ഥാപിക്കണമെന്നത് കഴിഞ്ഞ 30 വർഷത്തിലേറെയായുള്ള ജനങ്ങളുടെ ആവശ്യമാണ്. പാറശാല പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ പരശുവയ്ക്കൽ മേഖലയിലുള്ളവർക്ക് അർഹിക്കുന്ന പ്രാതിനിദ്ധ്യം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പരശുവയ്ക്കൽ
ഏറ്റവും കൂടുതൽ കർഷകരും കാർഷിക ഭൂമികളും ഉൾപ്പെടുന്ന ഗ്രാമപ്രദേശം.
ഏറ്റവും കൂടുതൽ പി.ഡബ്ല്യു.ഡി റോഡുകൾ ഉൾപ്പെടുന്ന മേഖല.
കാർഷിക വിളകൾ വിറ്റഴിക്കുന്നതിനുള്ള മാർക്കറ്റ് പോലുമില്ലാത്ത മേഖല
ഒരു സർക്കാർ എൽ.പി സ്‌കൂളും സ്വകാര്യ മേഖലയിൽ ഒരു യു.പി സ്‌കൂളും മാത്രം.
കുട്ടികൾക്കായി ഒരു കളിസ്ഥലം പോലുമില്ലാത്ത മേഖലയിൽ ദേശീയപാതയോരത്തായി നാട്ടുകാർക്ക് ഏറെ പ്രയോജനകരമായിരുന്ന പാറശാല പഞ്ചായത്ത് വകയായ പൊന്നംകുളം ഉണ്ടെങ്കിലും ഉപയോഗശൂന്യമായിട്ട് പത്ത് വർഷമായി.
മാലിന്യക്കൂമ്പാരങ്ങളും
പരശുവയ്ക്കൽ ജംഗ്‌ഷൻ കേന്ദ്രീകരിച്ച് മാലിന്യക്കൂമ്പാരങ്ങൾ പൊങ്ങിയിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല. ദേശീയപാതയുടെ കൊറ്റാമം മുതൽ പരശുവയ്ക്കൽ വരെയുള്ള ഭാഗം ഇരുവശങ്ങളും പുല്ലുകൾ വളർന്ന് കാടായിട്ടും പഞ്ചായത്തോ ദേശീയപാത അധികൃതരോ ശ്രദ്ധിക്കുന്നില്ല.