വക്കം: വക്കം,കടയ്ക്കാവൂർ,അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വിഷപ്പാമ്പുകളുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ആശങ്കയിൽ. മിക്ക പ്രദേശങ്ങളും കാടുപിടിച്ചു കിടക്കുന്നതിനാലാണ് പാമ്പുകൾ ഇവിടം വിട്ടുപോകാത്തതെന്നും പലപ്പോഴും കൺമുന്നിലൂടെ പാമ്പുകൾ ഇഴഞ്ഞു പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

മേഖലയിൽ നിന്ന് അണലി,മൂർഖൻ ഉൾപ്പെടെ അഞ്ചോളം വിഷപ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു. മാസങ്ങൾക്ക് മുമ്പ് അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ കോട്ടഴികത്ത് ലീനയുടെ വീടിന് പിറകുവശത്ത് ഏഴടിയോളം നീളം വരുന്ന മൂർഖൻ പാമ്പിനെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു.

വക്കം മുതൽ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ വരെ പാളത്തിനിരുവശവും പുല്ലും കാടും മൂടി കിടക്കുന്നതിനാൽ ഇവിടെയും വിഷപ്പാമ്പുകളുടെ ശല്യം രൂക്ഷമാണ്. ട്രെയിൻ യാത്രയ്ക്കായി ‌വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇതുവഴിയാണ് നടന്നു പോകുന്നത്.കാടും,പുല്ലും വൃത്തിയാക്കാൻ നിരവധി തവണ റെയിൽവേ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

മരണവും

ഇക്കഴിഞ്ഞ 17ന് അഞ്ചുതെങ്ങ് പഴയനടയ്ക്ക് സമീപം കളിയിൽ വീട്ടിൽ ആരിഫാബീവി (60)പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കൂടാതെ കടയ്ക്കാവൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കാടുമൂടിയ പുരയിടം വൃത്തിയാക്കുന്നതിനിടെ 31ന് കീഴാറ്റിങ്ങൽ ബി.എസ് ഭവനിൽ ശോഭനകുമാരി (63) അണലിയുടെ കടിയേറ്റ് ഗുരുതരമായ അവസ്ഥയിലായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആന്റിവെനം വേണം

പാമ്പു കടിയേറ്റാൽ പ്രതിവിധിയെന്നോണം താലൂക്ക് ആശുപത്രികളിൽ ആന്റിവെനം സ്റ്റോക്ക് വേണമെന്നിരിക്കെ അവശ്യഘട്ടങ്ങളിൽ പലപ്പോഴും ഉണ്ടാകാറില്ല. മേഖലകളിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും മരുന്ന് വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. എന്നാൽ പ്രാഥമിക ശുശ്രൂഷയ്ക്കായി ഇവിടെ എത്തിച്ചാലും ഒന്നും നോക്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവെന്നും ആക്ഷേപമുണ്ട്.