ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ഇന്നലെയും മത്സ്യബന്ധന വള്ളം മറിഞ്ഞു.താഴംപള്ളി സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയത്.ഇടിയുടെ ആഘാതത്തിൽ മത്സ്യത്തൊഴിലാളിയായ ബിജു വെള്ളത്തിലേക്ക് തെറിച്ചു വീണു. മറ്റു വള്ളങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്‌മെന്റും ചേർന്നാണ് ബിജുവിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മണൽത്തിട്ടയിൽ തട്ടി പുലിമുട്ടിലേക്ക് കയറിയത്.

25 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അഴിമുഖത്ത് വെള്ളത്തിനടിയിലെ മണൽത്തിട്ട മത്സ്യത്തൊഴിലാളികൾക്ക് അപകട തിട്ടയായി മാറികൊണ്ടിരിക്കുകയാണ്. ഇവിടെ ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം സുഗമമാക്കണമെന്ന ആവശ്യം നാൾക്കുനാൾ ഉന്നയിക്കുമ്പോഴും അധികൃതർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കവും നടക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.