തിരുവനന്തപുരം/നെയ്യാറ്റിൻകര: തലസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായെത്തിയ രണ്ടുപേരെ കൂടി നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനയ്‌ക്കയച്ചതിന്റെ ഫലം ഇന്നുവരും. നെല്ലിമൂട് സ്വദേശികളായ അഖിൽ (23), സജീവ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചികിത്സയിലുള്ള യുവാക്കൾക്കൊപ്പം മരുതംകോട് കുളത്തിൽ കുളിച്ചവരാണ് ഇവരും. ആശുപത്രിയിലുള്ളവരുടെ എണ്ണം ഏഴായതോടെ പ്രത്യേക ഐ.സി.യു സജ്ജമാക്കി. രോഗികളുടെ എണ്ണം കൂടിയാൽ പ്രത്യേക വാർഡും തുറക്കും. അതേസമയം, ചികിത്സയിലുള്ള പേരൂർക്കട സ്വദേശി നിജിത്തിന്റെ (39) നില ഗുരുതരമായി തുടരുകയാണ്. ജൂലായ് 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച അതിയന്നൂർ മരുതംകോട് കണ്ണറവിളയിൽ അഖിലിനൊപ്പം മരുതംകോട് കാവിൽകുളത്തിൽ കുളിച്ചവരാണ് നിജിത്ത് ഒഴികെ ചികിത്സയിലുള്ള മറ്റുള്ളവർ. നിജിത്തിനെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചതിനാൽ വിവരങ്ങൾ ചോദിച്ചറിയാനായിട്ടില്ല.
മിൽറ്റിഫോസിൻ നൽകിത്തുടങ്ങി
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ ജർമ്മനിയിൽ നിന്നെത്തിച്ച മിൽറ്റിഫോസിൻ മരുന്ന മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർക്കും നൽകി തുടങ്ങി. ലക്ഷണങ്ങൾ പ്രകടമാകുന്ന ഘട്ടത്തിൽതന്നെ ഇത് നൽകുന്നവരിൽ പുരോഗതിയുണ്ട്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം യു.എ.ഇ ആസ്ഥാനമായ വി.പി.എസ് ഹെൽത്ത്‌കെയർ സ്ഥാപകൻ ഡോ.ഷംഷീർ വയലിലാണ് മിൽറ്റിഫോസിൻ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്.
ആശങ്ക തുടരുന്നു
രോഗം ബാധിച്ച് ഒരാൾ മരിച്ചതിനെ തുടർന്നുണ്ടായ ആശങ്ക അറുതിയില്ലാതെ തുടരുകയാണ്. കടുത്ത പനിയും തലവേദനയുമായി ചികിത്സ തേടിയ അതിയന്നൂർ മരുതംകോട് കണ്ണറവിള അനുലാൽ ഭവനിൽ അഖിൽ (27) കഴിഞ്ഞമാസം 23നാണ് മരിച്ചത്. പിന്നാലെയാണ് ഒപ്പം കുളിച്ചവരും ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. അതേസമയം കുളത്തിലെ വെള്ളം പരിശോധിച്ചതിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെങ്കിലും രോഗബാധിതരെല്ലാം പൊതുവായി മുങ്ങിക്കുളിച്ച സ്ഥലമായതിനാൽ വൈറസിന്റെ ഉറവിടം കാവിൻകുളമാണെന്ന് ഉറപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. വെള്ളത്തിന്റെ അടിത്തട്ടിലെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദുമോഹന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ ഇന്നലെ അഖിലിന്റെ വീട് സന്ദർശിച്ചു. പരിശോധനാഫലം തൃപ്തികരമല്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താമെന്ന് ഡി.എം.ഒ ഉറപ്പുനൽകി. കാവിൻകുളത്തിന് നൂറുമീറ്റർ അകലെയാണ് മരിച്ച അഖിലിന്റെ വീട്.ചികിത്സയിലുള്ളവരും സമീപത്താണ് താമസം. ഗ്രാമപഞ്ചായത്തിന്റെ ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത് കുളത്തിന്റെ ബണ്ടിലാണ്. അതിനോടു ചേർന്നാണ് അങ്കണവാടി. പ്രദേശത്ത് നിരവധി വീടുകളുമുണ്ട്. കാവിൻകുളത്തിലെ വെള്ളമാണ് പറച്ചാക്കുളം പമ്പ് ഹൗസിൽ എത്തിച്ചേരുന്നത്. അവിടെ ശുദ്ധീകരിച്ചാണ് അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ അഞ്ചുവാർഡുകളിൽ എത്തുന്നത്. മരുതംകോടുകാരും ആശ്രയിക്കുന്ന ഈ കുളത്തിനെയാണ്.ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുർന്ന് കുളം വലകെട്ടി അടച്ചിരിക്കുകയാണ്.
തീരാനൊമ്പരമായി അഖിൽ
ആരോഗ്യവാനായിരുന്ന മകൻ മരിച്ചെന്ന് വിശ്വസിക്കാതെ വിറങ്ങലിച്ചിരിക്കുകയാണ് അഖിലിന്റെ അമ്മ സുനിത. മരിക്കുന്നതിന് 10 ദിവസം മുമ്പ് വീടിനടുത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗകാരണം കണ്ടെത്താതെയാണ് ഒടുവിൽ കഴിഞ്ഞമാസം 21ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പിന്നാലെ മരിച്ചു. ക്യാൻസർ രോഗിയായ സുനിതയ്ക്ക് മൂന്നു മക്കളാണ്. അച്ഛൻ പ്രഭാകരൻ 20 വർഷങ്ങൾക്കു മുമ്പ് ഇവരെ ഉപേക്ഷിച്ചുപോയി. തൊഴിലുറപ്പ് ജോലി ചെയ്താണ് സുനിത മക്കളെ വളർത്തിയത്. അനുലാൽ ജ്യേഷ്ഠനും അഖില സഹോദരിയുമാണ്.