തിരുവനന്തപുരം: പള്ളിത്തുറ സ്വദേശി ജെറ്റ് സന്തോഷ് എന്ന സന്തോഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട രണ്ടുപേരടക്കം ഏഴുപ്രതികളെ വെറുതെവിടാനിടയാക്കിയത് തെളിവുകളുടെ അഭാവം. കേസുമായി പ്രതികളെ ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. മാപ്പുസാക്ഷിയെ അമിതമായി ആശ്രയിച്ച പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ് ഉത്തരവ്.

പൊലീസിനും നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായി. തൊണ്ടിമുതലുകളുടെ പരിശോധന പൊലീസ് കൃത്യമായി നടത്തിയില്ല. കൊല്ലാൻ ഉപയോഗിച്ച കത്തി എവിടെനിന്ന് കണ്ടെത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതിലെ ചോരപ്പാടുകൾ ആരുടേതെന്ന് തിരിച്ചറിയാനുള്ള പരിശോധനകൾ പോലും അന്വേഷണസംഘം നടത്തിയില്ല. കൊലപാതകത്തിന് മുമ്പ് സന്തോഷിനെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ച ടാറ്റാസുമോ കാറിന്റെ ഡ്രൈവർ നാലാംപ്രതി നാസറുദ്ദീനെ മാപ്പുസാക്ഷി ആക്കിയിരുന്നു. ഇയാളുടെ മൊഴിയിൽ പക്ഷേ ധാരാളം വൈരുദ്ധ്യങ്ങളും കൃത്യതയില്ലായ്‌മയും പ്രകടമായിരുന്നു. ഈ പൊരുത്തക്കേടുകളാണ് കേസിൽ തിരിച്ചടിയായത്. പൊരുത്തക്കേടുകൾ നിറഞ്ഞ മൊഴി വിശ്വാസയോഗ്യമല്ലെന്നും നസറുദ്ദീൻ ഉന്നയിച്ച കാര്യങ്ങൾ സ്ഥിരീകരിക്കാനായില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

സാഹചര്യത്തെളിവുകളുടെയും മാപ്പുസാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് സെഷൻസ് കോടതി വിധിക്കുകയായിരുന്നു. എന്നാൽ കുറ്റക്കാരെന്നു കണ്ടെത്തിയവരെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും സ്ഥാപിക്കാനായിട്ടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. ജെറ്റ് സന്തോഷിന്റെ കൊലപാതകത്തിന് കാരണം നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയായിരുന്നു. ഗുണ്ടയായ സോജുവിന്റെ എതിർസംഘാംഗമായിരുന്നു കൊല്ലപ്പെട്ട ജെറ്റ് സന്തോഷ്. 2012ൽ കരമന സജിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് സോജു.