
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ നൽകുന്ന പണം അതിന് വിനിയോഗിച്ചെന്ന് ഉറപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ദുരിതാശ്വാസനിധിയിൽ എത്ര രൂപ വന്നാലും അത് വയനാടിന് വേണ്ടി വിനിയോഗിക്കണം. എന്തിനെല്ലാം ഉപയോഗിച്ചെന്നും വ്യക്തമാക്കണം. കുറച്ചു കൂടി വ്യക്തതയും സുതാര്യതയും വേണം. ഇത് രാഷ്ട്രീയ വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
2018ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പലതിനും ചെലവാക്കിയിട്ടുണ്ട്. പണവിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. അങ്ങനെ താൻ പറഞ്ഞെന്ന സ്‌ക്രീൻ ഷോട്ട് സി.പി.എമ്മുകാരാണ് പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്നും പകരം രണ്ട് വീടുകൾ നിർമ്മിച്ച് നൽകാമെന്നും പറഞ്ഞയാൾക്കെതിരെ കേസെടുത്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പുനരധിവാസത്തിന് യു.ഡി.എഫ് വിശദമായ പ്ലാൻ സർക്കാരിന് നൽകും. 2021 മുതൽ പ്രതിപക്ഷം ആവശ്യപ്പെടുന്ന വാണിങ് മെക്കാനിസവും പ്രോൺ ഏരിയ മാപ്പിങും അടിയന്തരമായി നടപ്പാക്കണം. ഇനി ഒരു ദുരന്തമുണ്ടായാലും മനുഷ്യർ നഷ്ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.