തിരുവനന്തപുരം: ആൽത്തറ - മേട്ടുക്കട ഭാഗത്തെ പൈപ്പ് ലൈൻ നിർമ്മാണവും വിവിധ സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികളും കാരണം കുടിവെള്ളവിതരണം താറുമാറായതോടെ ജനം ദുരിതത്തിൽ. സ്‌മാർട്ട് റോഡ് വികസനത്തിന്റെ ഭാഗമായുള്ള ആൽത്തറ - മേട്ടുക്കട പൈപ്പ് ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ പത്ത് ദിവസം പിന്നിട്ടതോടെയാണ് ദുരിതമേറിയത്. മുട്ടട ടെക്നിക്കൽ സ്കൂൾ പരിസരത്തുണ്ടായ ചോർച്ച അടയ്ക്കുന്ന പണി നടക്കുന്നതിനാൽ നഗരത്തിലെ ഒട്ടുമിക്ക ഭാഗത്തെയും വെള്ളംകുടി മുട്ടി.
കോട്ടൺഹില്ലിന്റെ ഒരു ഭാഗം,മേട്ടുക്കട എന്നിവിടങ്ങളിലെ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. കോട്ടൺഹിൽ റോഡിന്റെ ഒരു വശത്തെ പണി ബാക്കിയാണ്. ആകാശവാണി റോഡ്,സംഗീത കോളേജ് റോഡ്,അനിരുദ്ധൻ റോഡ് എന്നിവിടങ്ങളിലേക്കുള്ള പൈപ്പ് ലൈനുകളും മാറ്റാനുണ്ട്. എന്നാലും മിക്കയിടത്തും കുടിവെള്ളം ലഭിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, ആവശ്യത്തിന് വെള്ളം കിട്ടാത്തതുമൂലം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോയാണ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതെന്ന് സി.എസ്.എം നഗർ,പാലോട്ടുകോണം നിവാസികൾ പറയുന്നു. നഗരസഭയിൽ നിന്ന് ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും റോഡിന്റെ അടുത്തുള്ളവർക്കും ടാങ്കർ നോക്കിയിരിക്കുന്നവർക്കും മാത്രമേ അല്പമെങ്കിലും വെള്ളം കിട്ടുകയുള്ളൂ.
മുതിർന്നവർ,രോഗികൾ,ജോലിക്ക് പോകുന്നവർ എന്നിവർക്കൊന്നും ടാങ്കർ വെള്ളം കിട്ടാറില്ല.എന്നാൽ, ഇവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ഉയർന്ന പ്രദേശങ്ങളായതിനാലാണ് തടസം നേരിടുന്നതെന്നും അധികൃതർ പറഞ്ഞു. പ്രശ്നം വൈകാതെ പരിഹരിക്കും.
പണി നീളും
വെള്ളയമ്പലം ആൽത്തറ മുതൽ മേട്ടുക്കട വരെയുള്ള പ്രധാന പൈപ്പ് ലൈനും ഇടറോഡുകളിലേക്കുള്ള ഇന്റർ കണക്ഷനുകളും മാറ്റി സ്ഥാപിക്കുന്ന പണിയാണ് നടക്കുന്നത്. ഇതിനായി നാല് ദിവസം വേണ്ടിവരുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.
പോങ്ങുംമൂട്ടിൽ ഇന്ന് വെള്ളമെത്തും
മുട്ടടയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ വൈകാതെ പൂർത്തിയാക്കും. പോങ്ങുംമൂട് ഡിവിഷന്റെ കീഴിലുള്ള ഉള്ളൂർ, കേശവദാസപുരം, പ്രശാന്ത് നഗർ, പട്ടം തുടങ്ങിയ ഭാഗങ്ങളിലെ വിതരണം ഇന്ന് രാവിലെ പുനഃസ്ഥാപിക്കും. കഴക്കൂട്ടം മേഖലയിലെ വിതരണം ഉച്ചയോടെ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.