wayanad

അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നൊരു ചൊല്ലുണ്ട്. ചെയ്യുന്ന പ്രവൃത്തിയുടെ നന്മതിന്മകൾ നോക്കാതെ അഭിപ്രായം പറയുന്നവർക്ക് സമൂഹത്തിൽ ഒരുവിധ പഞ്ഞവുമില്ല. പക്ഷെ പറയുന്ന അഭിപ്രായം ഏതുവിധത്തിലുള്ള പ്രതികരണമുണ്ടാക്കുമെന്നതാണ് പ്രധാനം. വയനാട് ദുരന്തത്തിന്റെ തുടർച്ചയായി ഉണ്ടായ നടപടികളും പലഭാഗങ്ങളിൽ നിന്നുണ്ടായിട്ടുള്ള പ്രതികരണങ്ങളുമാണ് ഇവിടെ പരാമർശവിഷയം. ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാനം ഒറ്റക്കെട്ടായി കൈകോർക്കുകയാണ്, അയൽസംസ്ഥാനങ്ങളും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത, സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും കേരളം നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ കൈത്താങ്ങുമായി എത്തിയിട്ടുള്ളതും എടുത്തു പറയേണ്ടതാണ്. എന്നാൽ സംസ്ഥാനത്ത് പ്രതിപക്ഷനിരയിലുള്ള ഒരു സംഘടനയുടെ നേതൃസ്ഥാനത്തുള്ള ഒരു മാന്യവ്യക്തിയിൽ നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടക്കഘട്ടത്തിൽ ഉണ്ടായ പ്രതികരണമാണ് കല്ലുകടിയായ ഒരു വിഷയം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന തീർത്തും അനവസരത്തിലും യുക്തിക്ക് നിരക്കാത്തതുമായിപ്പോയി. ഈ അഭിപ്രായത്തോട് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെ കൃത്യമായി പ്രതികരിച്ചതിനാലും മുഖ്യമന്ത്രി പരാമർശത്തെ അവഗണിച്ചതിനാലും കൂടുതൽ വിവാദത്തിൽപ്പെട്ട് അന്തരീക്ഷം വഷളാവുന്ന സ്ഥിതി ഒഴിവായി.

പ്രതിസന്ധികളിൽ

പതറാതെ മുന്നോട്ട്

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്ന വലിയൊരു തത്വമുണ്ട്. ഇതിന്റെ പൊരുൾ മനസിലാക്കാനുള്ള മിനിമം തിരിച്ചറിവെങ്കിലും പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉണ്ടാവേണ്ടതല്ലേ. മനുഷ്യത്വം എന്നത് ലോകാരംഭം മുതലുള്ള ഒരു വികാരമാണ്. മനുഷ്യർ തമ്മിലും പ്രസ്ഥാനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമൊക്കെ അഭിപ്രായ ഭിന്നതകളും സംഘർഷങ്ങളും ഉണ്ടാവാറുണ്ട്. എങ്കിലും എവിടെ ദുരന്തമുണ്ടാവുമ്പോഴും മനുഷ്യത്വത്തിന്റെ ഒരു സ്പർശവും അവിടേക്ക് എത്താറുണ്ട്. 2018-ൽ കേരളം കണ്ട മഹാപ്രളയകാലത്ത് ഒത്തൊരുമയുടെയും മനുഷ്യത്വത്തിന്റെയും ഏറ്രവും വലിയ ഉദാഹരണവും നാം കണ്ടതാണ്. അപ്രതീക്ഷിതമായെത്തിയ മഹാദുരന്തത്തിൽ സംസ്ഥാനം മരവിച്ചു നിന്നപ്പോൾ പൊതുസമൂഹവും സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ളവരും നമ്മുടെ അഭ്യുദയകാംക്ഷികളായ രാജ്യങ്ങളും സംസ്ഥാനങ്ങളുമെല്ലാം കൈയ്യയച്ചാണ് സഹായവുമായി എത്തിയത്. തകർച്ചയുടെ പടുകുഴിയിൽ നിന്ന് സംസ്ഥാനത്തെ ജനജീവിതത്തെ കൈപിടിച്ച് ഉയർത്താൻ ചട്ടപ്പടി വരുമാനത്തിന്റെ പിൻബലത്തിൽ നിലകൊള്ളുന്ന സർക്കാരിന് തീർത്തും അസാദ്ധ്യമാവുന്ന ഘട്ടത്തിലാണ് നാനാദിക്കിൽ നിന്നും മേഖലകളിൽ നിന്നും പരിധികളില്ലാതെ സഹായമെത്തിയത്. പണ്ഡിതരും പാമരരും സമ്പന്നരും സാധുക്കളുമുൾപ്പെടെ പ്രായഭേദംപോലും മറന്നാണ് കൈകോർത്തത്. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് സാലറി ചലഞ്ച് വഴി പണം പിരിക്കാൻ എടുത്തുചാടി കൈക്കൊണ്ട ഒരു തീരുമാനം മാത്രമാണ് തെല്ലൊരു താളപ്പിഴ ഉണ്ടാക്കിയതെങ്കിലും മൊത്തത്തിൽ വലിയ പരിക്കില്ലാതെ പ്രതിസന്ധി മറികടക്കാൻ സാധിച്ചു. അത്രത്തോളം ഭീദിതമല്ലെങ്കിലും വയനാട്ടിൽ ഉണ്ടായ സാഹചര്യവും ഒട്ടും നിസാരമല്ല.

രാഷ്ടീയ എതിർപ്പുകൾ അപ്പുറം

മഹാപ്രളയകാലത്ത് സർക്കാരിനോട് പൊതുസമൂഹം കാട്ടിയ മനുഷ്യത്വപരമായ സമീപനത്തിന്റെ ആത്മവിശ്വാസത്തിലാവാം മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറിയും നന്മനഷ്ടപ്പെട്ടിട്ടില്ലാത്ത സമൂഹത്തോടെ സഹായ അഭ്യർത്ഥന നടത്തിയത്. ഇപ്പോഴത്തെ സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മറികടക്കേണ്ട പ്രതിസന്ധിയുടെ വ്യാപ്തിയും നോക്കുമ്പോൾ പിണറായി എന്നല്ല, ഏതു മുന്നണിയുടെ ഏതു മുഖ്യമന്ത്രിയായാലും ഇത്തരം ഒരു അഭ്യർത്ഥന നടത്താൻ പ്രേരിതമാവും.അതിൽ ഒട്ടും ജാള്യത്തിന്റെ ആവശ്യവുമില്ല. ഏതായാലും സർക്കാരിന്റെ പ്രതീക്ഷ അസ്ഥാനത്തായില്ലെന്ന് തെളിയിക്കും വിധമാണ് സമൂഹം പ്രതികരിച്ചു തുടങ്ങിയത്. ദിവസങ്ങൾ കഴിയുന്തോറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സഹായം വർദ്ധിക്കുകയാണ്. കേരളത്തിന്റെ ദുരന്തം ഒറ്റക്കെട്ടായി ഏറ്റെടുത്ത മട്ടിലാണ് സമാശ്വാസത്തിന്റെ കരങ്ങൾ നീളുന്നത്. ഇതിന്റെ തുടക്കത്തിലാണ് കെ.പി.സി.സി അദ്ധ്യക്ഷന്റെ ഒരു പരാമർശം അല്പം കടുത്തുപോയത്. ഇടതുപക്ഷ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ടെന്ന നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്തരീക്ഷത്തിന്റെ പിരിമുറുക്കം കുറച്ചെങ്കിലും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു സുധാകരന്റെ അഭിപ്രായം.

വേണ്ടത് ഒന്നിപ്പിന്റെ സ്വരം

കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് വന്യജീവി ആക്രമണത്തെക്കുറിച്ച് നിയമസഭയിൽ നടന്ന ചൂടുപിടിച്ച ചർച്ചകൾക്ക് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ മറുപടിയിലെ ഒരു ഭാഗമാണ് ഇപ്പോൾ ഓർമ്മവരുന്നത്. കാടിറങ്ങി വരുന്ന വന്യമൃഗങ്ങൾക്ക്, ഇവിടെ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണെന്ന് അറിയില്ലല്ലോ എന്നായിരുന്നു പ്രതിപക്ഷത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞത്. വയനാട്ടിലോ, ഇടുക്കിയിലോ, കോട്ടയത്തോ, തിരുവനന്തപുരത്തോ എവിടെ ആയാലും ഉരുൾപൊട്ടൽ ഉണ്ടാവുന്നതിനുള്ള ശാസ്ത്രീയ അടിത്തറ ഏറെക്കുറെ ഒരുപോലെ ആയിരിക്കുമല്ലോ. പ്രത്യേകമായ ചില സാഹചര്യങ്ങൾ ഉരുത്തിരിയുമ്പോഴാവുമല്ലോ, ഇത്തരം പ്രതിഭാസങ്ങൾ സംഭവിക്കാറുള്ളത്. സി.പി.എം കാരനായ പിണറായി വിജയനാണ് ഇപ്പോൾ മുഖ്യമന്ത്രി ആയിരിക്കുന്നത്, അതിനാൽ ഒന്നു പൊട്ടിയേക്കാമെന്ന് ഒരു മലയും ഉരുളും വിചാരിക്കില്ലല്ലോ. അല്ലെങ്കിൽ കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർഭരണം കിട്ടിയതിനാൽ ഒന്നു തകർത്ത് വാരിയേക്കാമെന്ന് ഒരു കാലവർഷവും കരുതില്ലല്ലോ. ഇനി അടുത്ത തവണ യു.ഡി.എഫ് അധികാരത്തിലെത്തിയെന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ ഇവിടെ പെയ്യേണ്ട കലവർഷം അങ്ങ് അന്റാർട്ടിക്കയിൽ പോയി പെയ്തേക്കാമെന്നും തീരുമാനിക്കില്ലല്ലോ. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ജാലവിദ്യയൊന്നും തത്ക്കാലം മാനവസമൂഹത്തിന്റെ പക്കലില്ല. ഇത്തരം ദുരന്തങ്ങൾക്ക് ഭാവിയിൽ വഴിതെളിച്ചേക്കാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിൽക്കുക മാത്രമാണ് ഇപ്പോൾ ചെയ്യാവുന്നത്. കുറെ പാവം മനുഷ്യർ അപ്രതീക്ഷിതമായുണ്ടായ കൊടുംദുരന്തത്തിൽ നട്ടംതിരിയുമ്പോൾ, അവർക്ക് പരമാവധി ആശ്വാസം എത്തിക്കുകയെന്ന ദൗത്യമാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. രാഷട്രീയായ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും പ്രകടിപ്പിക്കാനും എതിർക്കാനുമൊക്കെയുള്ള അവസരങ്ങളുണ്ട്. ആ സന്ദർഭത്തിൽ മാത്രം അതൊക്കെ ചെയ്യുക. സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങളും സങ്കടങ്ങളും വരുമ്പോൾ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പേരിൽ എല്ലാ ഭിന്നതകളും മറന്ന് സഹകരണത്തിന്റെ പാതയിലേക്ക് വരിക. കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വിഷം കലക്കാതിരിക്കുകയാണ് ശരിയായ ധർമ്മം.

ഇതുകൂടി കേൾക്കണേ

എല്ലാ കാലത്തും ഒരു കക്ഷി മാത്രം ഭരണത്തിലും എതിർ കക്ഷി പ്രതിപക്ഷത്തുമായിരിക്കുമെന്നത് മിഥ്യാധാരണയാണ്. എല്ലാറ്രിനും വരും മാറ്റങ്ങൾ. ഈ ധാരണയിൽ വേണം ഓരോ സന്ദർഭങ്ങളിലെയും പെരുമാറ്റം. ഔചിത്യമെന്നാണ് ഇതിനെ മലയാളത്തിൽ പറയാറുള്ളത്.