തിരുവനന്തപുരം/നെയ്യാറ്റിൻകര: അതിയന്നൂർ പ്രദേശത്ത് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ മരിക്കാനും അഞ്ചുപേർക്ക് വൈറസ് ബാധയേറ്റതിനും കാരണം മരുതംകോട് കാവിൻകുളമാണെന്ന് ആരോഗ്യവകുപ്പ് ഉറപ്പിച്ചതോടെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ശക്തമാക്കി. കുളവുമായി 33 പേർക്ക് സമ്പർക്കമുണ്ടായെന്നാണ് കണ്ടെത്തൽ. ഇന്നലെ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. കുളത്തിലെ വെള്ളത്തിന്റെ ആദ്യ സാമ്പിളുകളുടെ ഫലം നെഗറ്റീവാണെങ്കിലും തുടർച്ചയായി പരിശോധിക്കാൻ നിർദേശം നൽകി. പ്രദേശത്ത് ലക്ഷണങ്ങളുള്ളവരെ ഉടൻ കണ്ടെത്താനും ബോധവത്കരണം ഉൾപ്പെടെ ശക്തമാക്കാനുമായി കെ.ആൻസലൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക്12ന് അതിയന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
പുകയില ഉൾപ്പെടെയുള്ള ലഹരിപ്പൊടികൾ കുളത്തിലെ വെള്ളത്തിൽ കലർത്തി മൂക്കിലൂടെ വലിച്ചുകയറ്റിയതാണ് വൈറസ് ബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയതോടെ ഇത്തരത്തിൽ ചെയ്തിട്ടുള്ളവരുണ്ടെങ്കിൽ അവർക്കും വൈറസ് ബാധയേൽക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കുളത്തിലെ വെള്ളവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കമുണ്ടായവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ ഉടൻ ചികിത്സ തേടണം.
വൈറസ് പകരും
പായൽ പിടിച്ചതും മൃഗങ്ങളെ കുളിപ്പിക്കുന്നതും മാലിന്യമുള്ളതുമായ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയ്ക്ക് വിധേയമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്നവർക്കും രോഗസാദ്ധ്യ കൂടുതലാണ്.
മുൻകരുതൽ വേണം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ ഡൈവ് ചെയ്യുകയോ പാടില്ല
ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങരുത്
വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്യണം
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്