തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങൾ ഒന്നൊന്നായി അരങ്ങിലെത്തിയപ്പോൾ സദസിൽ നിന്നുയർന്നത് നിറുത്താതെയുള്ള കരഘോഷം. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലെ മലയാളം ക്ലബ് അവതരിപ്പിച്ച 'ബഷീറിന്റെ മൊഞ്ചത്തികൾ' എന്ന നാടകത്തിലാണ് സ്ത്രീപക്ഷ ചിന്തകളുമായി ബഷീറും അദ്ദേഹത്തിന്റെ സ്ത്രീകഥാപാത്രങ്ങളുമെത്തിയത്.

പുരുഷകേന്ദ്രീകൃത ലോകത്ത് സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങൾ ആത്മവിശ്വാസത്തോടെ പുനർജനിക്കുന്നതായിരുന്നു നാടകത്തിൽ കണ്ടത്. 'സോജാ രാജകുമാരി' എന്ന തന്റെ പ്രിയപ്പെട്ട പാട്ടിൽ മുഴുകി 'മുച്ചീട്ടുകളിക്കാരന്റെ മകൾ' സൈനബയുടെ ചായക്കടയിലിരുന്ന് ബഷീറും കഥാപാത്രങ്ങളെ കേട്ടു. 'നിക്കാഹ് കഴിപ്പിക്കാൻ ബാപ്പ സൊരുക്കൂട്ടിയ കാശോണ്ട്..' തന്നെ പഠിപ്പിക്കാത്തതിന് സൈനബയ്ക്ക് കുറ്റബോധമുണ്ട്. ആകാശത്തേക്ക് പലവട്ടം ചുള്ളിക്കമ്പുകൾ എറിഞ്ഞിട്ടും തളരാതെ പിടിച്ചുനിന്നുവെന്ന നാരായണിയുടെ വാക്കുകളും കൈയടി നേടി.

കല ടീച്ചറും പിള്ളേരും
സ്‌കൂളിലെ യു.പി വിഭാഗം മലയാളം അദ്ധ്യാപിക കലയാണ് 14 മിനിട്ട് ദൈർഘ്യമുള്ള നാടകത്തിന് തിരക്കഥയെഴുതിയത്. വിദ്യാർത്ഥികളായ അനുഷ,കല്യാണി, അനശ്വര,മൊഴി,അനുഗ്രഹ,ഭാമ ഭാരതി, നീലാംബരി, ഉമ, അമേയ, ദിയ എന്നിവരാണ് അരങ്ങത്തെത്തിയത്. വായനയിൽ നിന്നകലുന്ന കുട്ടികൾക്ക് ബഷീറിന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് കല കേരളകൗമുദിയോട് പറഞ്ഞു. മാനവീയംവീഥിയിലും മലയാളം പള്ളിക്കൂടത്തിലും നാടകം അവതരിപ്പിക്കും. റേഡിയോ നാടകമായും പ്രക്ഷേപണം ചെയ്യും.