hi

കല്ലറ: മൃതദേഹം മറവുചെയ്യാൻ വീടിന്റെ അടുക്കള പൊളിക്കേണ്ട ഗതികേടിലാണ് ഇപ്പോഴും കല്ലറയിലെ സാധരണക്കാർക്ക്. സ്വന്തമായി കല്ലറയിൽ ഒരു പൊതുശ്മശാനം നിലവിലുള്ളപ്പോഴാണ് ഈ ദുരവസ്ഥ.
കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാർഡിൽ 2005ലാണ് പൊതുശ്മശാനം ആദ്യമായി നിർമ്മിച്ചത്. വിറകിലായിരുന്നു അന്ന് സംസ്കരിച്ചിരുന്നത്. എന്നാൽ ശരിയായ രീതിയിൽ അത് സംരക്ഷിക്കാനും നടത്തിക്കൊണ്ടുപോകാനും കഴിയാത്തതിനാൽ ശ്മശാനം പിൻക്കാലത്ത് നാശത്തിന്റെ വക്കിലായി.

തുടർന്ന് 2015 - 20 ഭരണകാലയളവിൽ ഒന്നരക്കോടി രൂപ മുടക്കി ജില്ലാപഞ്ചായത്ത് ശ്മശാനം പുനർനിർമ്മിച്ചു.ഗ്യാസ് ഉപയോഗിച്ച് മൃതദേഹം സംസ്കരിക്കുന്ന രീതിയിലായിരുന്നു നിർമ്മാണം.ശ്മശാനത്തിന്റെ പണിപൂർത്തിയാക്കി ജില്ലാപഞ്ചായത്ത് താക്കോൽ പഞ്ചായത്തിന് കൈമാറി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ മൃതദേഹം വയ്ക്കുന്ന ഭാഗം കേടായാണ് ശ്മശാനത്തിന്റെ പ്രവർത്തനം വീണ്ടും നിലച്ചത്.

കോടികൾ മുടക്കി നിർമ്മിച്ച ശ്മശാനം പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രയോജനമില്ലാതെ,

ഉദ്ഘാടനം മാത്രം

കോടികൾ മുടക്കി നിർമ്മിച്ച പൊതുശ്മശാനത്തിൽ ഉദ്ഘാടനം രണ്ടുതവണ കഴിഞ്ഞിട്ടും ശവസംസ്കാരം നടത്തണമെങ്കിൽ സമീപ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.

സാമൂഹ്യവിരുദ്ധശല്യം രൂക്ഷം

ഗ്യാസ് ബർണർ കേടായി മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാനുള്ള പ്രാരംഭനടപടികൾ പോലും ആരംഭിച്ചിട്ടില്ല. അതിനാൽ ഇപ്പോൾ പ്രദേശം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

പൊതു ശ്മശാനമില്ല

തോട്ടം തൊഴിലാളികളും പട്ടികജാതി - വർഗ വിഭാഗത്തിൽപ്പെട്ടവരും ഏറെയുള്ള കല്ലറ - പാങ്ങോട് പഞ്ചായത്തുകളിലെ ഭൂരഹിതർക്ക് ഏറെ ആശ്വാസമായിരുന്നു ശ്മശാനത്തിന്റെ വരവ്. എന്നാൽ ഇപ്പോൾ നിരാശയാണ് ഫലം. സമീപ പഞ്ചായത്തുകളായ പാങ്ങോട്,പുളിമാത്ത് പഞ്ചായത്തുകളിലും പൊതു ശ്മശാനമില്ല.