jeep

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളടക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് പട്രോളിംഗ് ശക്തിപ്പെടുത്താൻ 25 പുതിയ വാഹനങ്ങളാവശ്യപ്പെട്ട് പൊലീസ്.നഗരത്തിലെ 24 സ്റ്റേഷനുകൾക്കും ഓരോ വാഹനങ്ങളും കൺട്രോൾ റൂമിന് ഒരെണ്ണവും അനുവദിക്കണമെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാർ ആവശ്യപ്പെട്ടത്. കന്റോൺമെന്റ്, ഫോർട്ട് സ്റ്റേഷനുകൾക്ക് ഓരോ ജീപ്പ് കഴിഞ്ഞദിവസം അനുവദിച്ചിരുന്നു.

കൂടുതൽ വാഹനങ്ങൾ കിട്ടിയാലേ രാത്രികാല പട്രോളിംഗ് ഊർജ്ജിതമാക്കാനും നഗരത്തിൽ പൊലീസ് സാന്നിദ്ധ്യം ശക്തിപ്പെടുത്താനും കഴിയൂ. ജീപ്പില്ലാത്തതിനാൽ പട്രോളിംഗ് പരിമിതപ്പെടുത്തുകയാണിപ്പോൾ.

സമയത്ത് അറ്റകുറ്റപ്പണി നടത്താതെയും കാലപ്പഴക്കത്താലും നശിച്ച വാഹനങ്ങൾ നിരത്തുകളിൽ ഇഴയുകയാണ്. കണ്ടിഷനല്ലാത്ത പൊലീസ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പെരുവഴിയിലാവുന്നതും പതിവാണ്. തലസ്ഥാനത്തടക്കം പൊലീസ് ബസുകളും ട്രാവലറുകളും കേടായി വഴിയിലാവുന്നത് പതിവ് സംഭവമാണ്.സെക്രട്ടേറിയറ്റിനു മുന്നിലും പേട്ടയിലുമെല്ലാം പൊലീസ് വാഹനങ്ങൾ തള്ളിനീക്കുന്നത് പതിവുകാഴ്ചയാണ്.

3ലക്ഷം കിലോമീറ്റർ ഓടിയാൽ വാഹനം മാറ്റിവാങ്ങാമെന്നാണ് ചട്ടമെങ്കിലും നടപ്പാവാറില്ല. സി.ഐമാർക്ക് താരതമ്യേന പുതിയ വാഹനം കിട്ടും. സ്റ്റേഷനിലെ ജീപ്പ് തുരുമ്പിച്ചതും ടയറുകൾ തേഞ്ഞതുമായിരിക്കും. തിരുവനന്തപുരത്ത് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വാഹനം ട്രാഫിക് സിഗ്നലിൽ വച്ച് കത്തിയത് അടുത്തിടെയാണ്. സർക്കാർ അംഗീകരിച്ച സ്വകാര്യ വർക്ക്‌ഷോപ്പുകളിലായിരുന്നു പൊലീസ് വണ്ടികളുടെ അറ്റകുറ്റപ്പണി. വൻ കുടിശികയുണ്ടായതോടെ അവർ ജോലിയേറ്റെടുക്കാതെയായി.സ്പെയർപാർട്സിന്റെ കുടിശിക കൂടിയതോടെ അതും കിട്ടാതായി. ഇതോടെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്തായി.പഴകിയ വാഹനങ്ങൾ സാഹസികമായി നിരത്തിലിറക്കുകയാണ് ഇപ്പോൾ പൊലീസ് ഡ്രൈവർമാർ.

ഉള്ളത് പഴയത്

പൊലീസിലെ ഉന്നതർക്ക് കുതിച്ചുപായാൻ പുതുപുത്തൻ കാറുകൾ ഇഷ്ടംപോലെയുണ്ടെങ്കിലും സ്റ്റേഷനുകളിലെയും പട്രോളിംഗിനുമുള്ള പൊലീസ് വാഹനങ്ങളുടെ സ്ഥിതി പരിതാപകരമാണ്. നഗരത്തിലെ സ്റ്റേഷനുകൾക്കെല്ലാം 2 ജീപ്പ് വീതമെങ്കിലുമുണ്ടെങ്കിലും മിക്കതും 15വർഷത്തോളം പഴക്കമുള്ളവയാണ്. 15വർഷം പഴക്കമുള്ള എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കണമെന്നാണ് കേന്ദ്രനയം. കാലാവധി കഴിഞ്ഞാൽ ഈ വാഹനങ്ങൾ ഓടിക്കാനാവില്ല.

അടിയന്തര സേവനം

17.22 മിനിറ്റിൽ

കേന്ദ്രത്തിന്റെ എമർജൻസി റെസ്‌പോൺസ് സംവിധാനമനുസരിച്ച് 112എന്ന അടിയന്തര നമ്പറിൽ വിളിച്ചാൽ തിരുവനന്തപുരത്ത് 17.22 മിനിറ്റിനകം പൊലീസ് സേവനം ലഭ്യമാക്കണം. മതിയായ വാഹനങ്ങളില്ലാത്തതിനാൽ ഈ സമയത്തിനകം ഓടിയെത്താനാവുന്നില്ല.

12.04 കോടി ചെലവിൽ 151വാഹനങ്ങൾ വാങ്ങാനായിരുന്നു അനുമതി.ഇതിൽ 117വാഹനങ്ങളേ വാങ്ങിയിട്ടുള്ളൂ.സ്‌​റ്റേഷനുകൾക്കായി 55 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങിയത്.

കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ രാത്രിയിൽ നഗരത്തിലുടനീളം പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കാനാവും.

ജി.സ്പർജ്ജൻകുമാർ

സിറ്റി പൊലീസ് കമ്മിഷണർ