കരമന: നിക്ഷേപത്തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 23 ലക്ഷം നഷ്ടമായി. പട്ടം പുതുപ്പള്ളി ലെയിൻ അശ്വതിയിൽ ശൈലജയാണ് കരമന പൊലീസിൽ പരാതി നൽകിയത്. കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിക്കെതിർവശത്ത് പ്രവർത്തിച്ചിരുന്ന അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് പരാതി. ഈ സ്ഥാപനം നൂറുകണക്കിന് നിക്ഷേപകരിൽ നിന്നായി കോടികൾ സമാഹരിച്ച ശേഷം കഴിഞ്ഞ വർഷം പൂട്ടിയിരുന്നു. 2013ൽ വസ്തു വിറ്രുകിട്ടിയ 15 ലക്ഷം രൂപയാണ് ശൈലജ ആദ്യം നിക്ഷേപിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന അംബിക എന്ന സ്ത്രീയാണ് കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ഷൈലജയെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. ഇവർ പിന്നീട് അവിടത്തെ ജോലി നിറുത്തി. ആദ്യം കൃത്യമായി പലിശ നൽകിയെങ്കിലും പിന്നീട് നൽകാതായി. 2022ൽ ഇളയ മകന്റെ വിവാഹത്തിനായി പണം പിൻവലിക്കാനെത്തിയപ്പോഴാണ് നിക്ഷേപം നൽകാനാവില്ലെന്ന് സൊസൈറ്രിക്കാർ പറഞ്ഞത്. ഓബുഡ്‌സ്മാനിൽ പരാതിപ്പെട്ടപ്പോൾ ഗഡുക്കളായി പണം നൽകാമെന്നേറ്റു. എന്നാൽ,​ പിന്നീട് വാക്കുമാറ്റി. 15 ലക്ഷത്തിന്റെ പലിശയും ചേർത്താണ് 23 ലക്ഷം കിട്ടാനുണ്ടെന്ന് ശൈലജ പറയുന്നു. സൊസൈറ്രിക്ക് കിള്ളിപ്പാലം, പള്ളിച്ചൽ,വള്ളക്കടവ് എന്നീ മൂന്നിടത്ത് ബ്രാഞ്ചുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കരമന മാത്രം ആകെ 46 കേസുകളെടുത്തിട്ടുണ്ടെന്നും രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പ്രതികൾ ജാമ്യത്തിലാണ്.