ആറ്റിങ്ങൽ: തൊഴിലുറപ്പ് പദ്ധതിയുടെ ബഡ്‌ജറ്റ് വിഹിതം വർദ്ധിപ്പിക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. മുൻ വിഹിതമായ 86,000 കോടി രൂപ തന്നെയാണ് ഇത്തവണയും നീക്കിവച്ചിരിക്കുന്നത്. തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും മിനിമം വേതനത്തിനു താഴെയാണ് ലഭിക്കുന്നത്. വാർഷിക തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യവും പരിഗണിക്കണം. പ്രവൃത്തിസമയം ക്രമീകരിക്കുന്നത് സംബന്ധിച്ചും പദ്ധതിയിലെ പുതിയ നിബന്ധനകൾ സംബന്ധിച്ചും തൊഴിലാളികൾക്ക് പരാതിയുണ്ട്. നിലവിൽ വൈകിട്ട് അഞ്ചു വരെയാണ് ജോലി സമയം. ഇത് നാലുവരെയാക്കണം. പുതിയ നിബന്ധന അനുസരിച്ച് ജോലി തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും തൊഴിലാളികളുടെ ഫോട്ടോ എടുക്കേണ്ടതുണ്ട്. ജോലി തുടങ്ങുന്ന സ്ഥലത്ത് തന്നെ അവസാനിക്കുമ്പോഴും ഫോട്ടോ എടുക്കണമെന്നാണ് വ്യവസ്ഥ. ഇതിനായി വീണ്ടും അതേസ്ഥലത്ത് മടങ്ങിയെത്തേണ്ടി വരും. ദിവസവും ജോലി അവസാനിപ്പിക്കുന്ന സ്ഥലത്ത് ഫോട്ടോ എടുക്കുന്നതിന് അനുവദിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.