തിരുവനന്തപുരം: പത്താംക്ളാസ് വരെയുള്ള കുട്ടികളുടെ പഠന നിലവാരം തകർത്ത ഓൾ പാസ് സമ്പ്രദായം കേരളം ഉപേക്ഷിക്കുന്നു. എസ്.എസ്.എൽ.സി പരീക്ഷ പാസാവാൻ ഓരോ പേപ്പറിനും മുപ്പത് ശതമാനം മാർക്ക് നിർബന്ധമാക്കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 2026- 27 അക്കാഡമിക് വർഷത്തിലാണ് പത്താംക്ളാസിൽ ഇത് പ്രാബല്യത്തിൽ വരുന്നതെങ്കിലും, മുന്നോടിയായി ഈ അദ്ധ്യയന വർഷം എട്ടാംക്ളാസിലും അടുത്തവർഷം ഒൻപതാം ക്ളാസിലും നടപ്പാക്കും.
നിലവിലെ സമ്പ്രദായത്തിലും പത്താംക്ളാസ് പാസാവാൻ ഓരോ വിഷയത്തിനും 30% മാർക്ക് വേണമെങ്കിലും അദ്ധ്യാപകർ ക്ളാസിൽ നടത്തുന്ന നിരന്തര മൂല്യനിർണയത്തിലൂടെ 20% മാർക്ക് മിക്കവർക്കും കിട്ടുമായിരുന്നു. പരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയാലും ഇതിലൂടെ പാസാകുന്നു. ഇതിന്റെ സാമൂഹ്യ പ്രത്യാഘാതം ചെറുതല്ലെന്ന് ബോധ്യമാവുകയും ദേശീയ തലത്തിൽ കേരളത്തിന്റെ വില ഇടിയുകയാണെന്ന് തിരിച്ചറിയുകയുംചെയ്തോടെയാണ് തിരുത്താൻ സർക്കാർ തയ്യാറായത്.
നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കാനും മാനദണ്ഡങ്ങൾ നിശ്ചയിച്ച് വിജ്ഞാപനം ചെയ്യും. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ജനപങ്കാളിത്തമുള്ള പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു.
ഓൾപാസിൽ തുടങ്ങിയ
താഴേക്കുപോക്ക്
1977:ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസമന്ത്രിയായിരിക്കേ ഒന്നുമുതൽ ഒൻപതുവരെ ക്ളാസുകളിൽ ഓൾ പാസ് സമ്പ്രദായം കൊണ്ടുവന്നു
1996: പി.ജെ.ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിക്കേ ഡി.പി.ഇ.പി ഘട്ടംഘട്ടമായി നടപ്പാക്കാൻ തുടങ്ങി.വായിക്കാനും എഴുതാനും അറിയുന്നതിനേക്കാൾ മുഖ്യം അറിവ് അനുഭവവേദ്യമാക്കുന്നതാണെന്ന കാഴ്ചപ്പാടായി.2011ൽ ഉമ്മൻചാണ്ടി സർക്കാർ വന്നശേഷം ഉപേക്ഷിച്ചു
2002: നാലകത്തു സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരിക്കേ നിരന്തരമൂല്യനിർണ്ണയം പരീക്ഷയുടെ ഭാഗമാക്കി. 35% മാർക്കുവരെ അദ്ധ്യാപകർക്ക് നേരിട്ട് നൽകാം.പരീക്ഷയ്ക്ക് പേരിന് മാർക്ക് കിട്ടിയാൽ മതിയെന്നായി.അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവരും പാസായി
2005: ഇ.ടി.മുഹമ്മദ് ബഷീർ വിദ്യാഭ്യാസമന്ത്രിയായിരിക്കേ ഗ്രേഡിംഗ് കൊണ്ടുവന്നു. നിരന്തരമൂല്യനിർണയത്തിലെ മാർക്ക് വാരിക്കോരി കൊടുക്കുന്ന പ്രവണത തുടർന്നതോടെ ഫുൾ എ പ്ളസുകാർ പെരുകി. പ്ളസ് വൺ പ്രവേശനംപോലും പ്രതിസന്ധിയിലാവുന്ന സ്ഥിതിയിൽ എത്തി.
2024: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി താല്പര്യമെടുത്ത് മേയ് 28ന് എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവ് മിനിമം മാർക്ക് സമ്പ്രദായം തിരിച്ചുകൊണ്ടുവരണമെന്ന നിലപാടിലെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. തോൽക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകി പുനഃപരീക്ഷ നടത്തി മികച്ച വിജയം കരസ്ഥമാക്കാനുള്ള നിർദ്ദേശവുമുണ്ട്.