തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാന ജില്ലയുടെ വികസനക്കുതിപ്പിന് സഹായകമാകുന്ന വിഴിഞ്ഞം- നാവായിക്കുളം ഒൗട്ടർ റിംഗ് റോഡിന്റെ നിർമ്മാണത്തിനുള്ള 1629.24 കോടിയുടെ പാക്കേജിന് അനുമതി. ഇതിനുള്ള സാമ്പത്തിക പങ്കാളിത്ത കരാർ മന്ത്രിസഭായോഗം അംഗീകരിച്ചു. കിഫ്ബി, ദേശീയപാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്മെന്റ് പ്രോജക്ട് 2 (സി.ആർ.ഡി.പി), പൊതുമരാമത്ത് വകുപ്പ് എന്നിവ ഉൾപ്പെട്ട ചതുർകക്ഷി കരാറിന്റെ കരടാണ് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ചത്. തലസ്ഥാന ജില്ലയുടെ മുഖച്ഛായതന്നെ മാറ്റുന്ന പദ്ധതിയാണിത്.
റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% (930.41 കോടി) കിഫ്ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമ്മാണത്തിനാവശ്യമായ 477.33 കോടി മേജർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവേ അതോറിറ്റി നിർമ്മിക്കും. ഈ തുക 5 വർഷത്തിനുള്ളിൽ കേരള സർക്കാർ, അതോറിറ്റിക്ക് നൽകും.
ജി.എസ്.ടി, റോയൽറ്റി
തുക വേണ്ടെന്നു വയ്ക്കും
ചരക്ക് സേവന നികുതി (ജി.എസ്.ടി) ഇനത്തിൽ ലഭിക്കുന്ന 210.63 കോടിയും റോയൽറ്റി ഇനത്തിൽ ലഭിക്കുന്ന 10.87 കോടിയും സർക്കാർ വേണ്ടെന്നുവയ്ക്കും
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം ദേശീയപാത അതോറിറ്റിക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഗ്രാന്റായി നൽകും
റോഡ് നിർമ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉല്പന്നങ്ങളും മറ്റ് പാറ ഉല്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉല്പന്നങ്ങളും ഇതിന്റെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കാവൂ
ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എൻജിനിയർ, ജില്ലാ ജിയോളജിസ്റ്റ് എന്നിവരടങ്ങിയ ടീം റോയൽറ്റി ഇളവ് ലഭിക്കേണ്ട ഉല്പന്നങ്ങളുടെ അളവ് സർട്ടിഫൈ ചെയ്യണം
"പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വൻകുതിപ്പിന് കളമൊരുങ്ങി. പദ്ധതിക്കുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ വേഗത്തിൽ പൂർത്തിയാക്കാൻ ഇടപെടും
മന്ത്രി പി.എ.മുഹമ്മദ് റിയാസ്