തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയെ പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകളിൽ സാദ്ധ്യമായവ വൈകാതെ നടപ്പാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.പള്ളിച്ചലിൽ കൈത്തറി ദിനാഘോഷത്തിന്റെ ഉദ്ഘാടനവും മികച്ച കൈത്തറി സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.കൈത്തറി മേഖലയ്ക്കായി നിയമിച്ച കമ്മീഷന്റെ റിപ്പോർട്ട് ഈ മാസം അവസാനത്തോടെ ലഭിക്കും.കൈത്തറി സംഘങ്ങൾക്ക് നൂൽ ലഭ്യമാക്കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.200 സംഘങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 70 കോടി മുതൽ മുടക്കിൽ ഒരു കോട്ടൺ ബാങ്ക് രൂപീകരിക്കാനും സർക്കാർ അനുമതിയായിട്ടുണ്ട്. ഹാൻടെക്സിലെയും ഹാൻവീവിലെയും ഭരണച്ചെലവുകൾ കുറയ്ക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,വിവിധ തദ്ദേശഭരണ പ്രതിനിധികൾ,കൈത്തറി തൊഴിലാളി സംഘടന നേതാക്കൾ,ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.