തിരുവനന്തപുരം: നഗരത്തിൽ ജൈവ, അജൈവ മാലിന്യം ശേഖരിക്കുന്ന ഏജൻസികൾ അനധികൃതമായി മാലിന്യം ശേഖരിക്കുന്നതിനെ വിലക്കി നഗരസഭ. ഇനിമുതൽ അനുവദിച്ചിട്ടുള്ള സ്ഥലത്ത് നിന്നുള്ള മാലിന്യം മാത്രമേ ശേഖരിക്കാൻ പാടുള്ളൂ. ലംഘിച്ചാൽ പിഴയും അംഗീകാരം റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച പുതുക്കിയ സർക്കുലർ ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. തദ്ദേശവകുപ്പിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് നഗരസഭയുടെ നടപടി. നൈറ്റ് സ്ക്വാഡ് ഉൾപ്പെടെ കാര്യക്ഷമമാക്കിയാണ് പരിശോധന.
കുടപിടിക്കാൻ വമ്പന്മാർ
നിലവിൽ 200ഓളം അനധികൃത മാലിന്യശേഖരണ സംഘങ്ങൾ നഗരത്തിലുണ്ടെന്നാണ് കണക്ക്. ഇവർ പലരും വമ്പന്മാരുടെ ശുപാർശയിലാണ് പ്രവർത്തിക്കുന്നത്. പലരും വലിയ സ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കും. തുടർന്ന് ഇവ അംഗീകൃത ഏജൻസികൾക്കോ പന്നിഫാമുകളിലോ നൽകും. ചോദ്യം ചെയ്താൽ ഹരിതകർമ്മ സേന ശേഖരിക്കുന്ന മാലിന്യമാണെന്ന് പറഞ്ഞുപറ്റിക്കും. നിലവിൽ അജൈവ മാലിന്യമാണ് ഹരിതകർമ്മ സേന ശേഖരിക്കുന്നത്. എന്നാൽ നഗരത്തിൽ ഭക്ഷണ മാലിന്യമടക്കമുള്ള ജൈവമാലിന്യം കൂടി ശേഖരിക്കാൻ അവർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത് മറയാക്കിയാണ് അനധികൃത സംഘങ്ങളുടെ തട്ടിപ്പ്. ജൈവ മാലിന്യത്തിന് ഒരു കിലോയ്ക്ക് 5 രൂപയും പ്ളാസ്റ്റിക് മാലിന്യത്തിന് കിലോയ്ക്ക് 7രൂപയുമാണ് നഗരസഭ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. എന്നാൽ ഈ തുകയെക്കാൾ കൂടുതലാണ് ഏജൻസികൾ സ്ഥാപനങ്ങളിൽ നിന്ന് പിരിക്കുന്നത്. പല ഏജൻസികളും സ്ഥാപനങ്ങൾക്ക് രസീതും നൽകാറില്ല.
കൺട്രോൾ റൂം ശക്തമാക്കും
ഇനിമുതൽ ഏജൻസികളുടെ മാലിന്യശേഖരണത്തിന് നിരീക്ഷണ സംവിധാനമൊരുക്കും. ഇതിന്റെ ഭാഗമായാണ് നഗരത്തിലെ ജൈവ, അജൈവ മാലിന്യം ശേഖരിക്കുന്ന അംഗീകൃത ഏജൻസികളുടെ 49 വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചത്. ഇവയെ നഗരസഭയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡന്റ് കൺട്രോൾ റൂമിലൂടെ നിരീക്ഷിക്കും. നിർദ്ദേശങ്ങളും പരാതികളും കൺട്രോൾ റൂം വഴിയായിരിക്കും കൈകാര്യം ചെയ്യുന്നത്.
അനധികൃതമായി ആർക്കും മാലിന്യശേഖരണം നടത്താൻ അനുവാദമില്ല. കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.
-മേയർ ആര്യാ രാജേന്ദ്രൻ