ആറ്റിങ്ങൽ: മരുമകന്റെ അമിത മദ്യപാനവും മകൾക്കു നേരെയുള്ള ആക്രമണവും ഒടുവൽ പ്രീതയുടെ ജീവനെടുത്തു. വർക്കല കുരയ്ക്കണ്ണി മംഗലത്തുവീട്ടിൽ അനിൽ വിദ്യാസാഗരനും പ്രീതയുടെ ഇളയമകൾ ബിന്ദ്യയും തമ്മിൽ അഞ്ചുവർഷം മുമ്പാണ് വിവാഹിതരാകുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ആറ്റിങ്ങലിലെ ഫ്ലാറ്റിൽ ബാബുവിനും പ്രീതയ്ക്കും ഒപ്പമാണ് ഇവർ താമസിച്ചത്.

മദ്യപാനവും സ്ഥിരമായി മകൾക്കു നേരെ ഉപദ്രവവും തുടർന്നതോടെ അനിലിനെതിരെ വിവാഹമോചനത്തിന് കേസ് നൽകാൻ രക്ഷിതാക്കളായ ബാബുവും പ്രീതയും തീരുമാനിച്ചു. ഇതോടെ ബിന്ദ്യയെയും കുട്ടികളെയും പള്ളിപ്പുറത്തെ മറ്റൊരു ഫ്ലാറ്റിലേക്ക് മാറ്റി. അനിൽ ബാബുവിന്റെ വീട്ടിൽ നിന്ന് താമസവും മാറ്റി. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് വിവാഹത്തിന് നൽകിയ സ്വർണവും പണവും തിരിച്ചുലഭിക്കുന്നതിനായി ആറ്റിങ്ങൽ കുടുംബകോടതിയിൽ നിന്ന് അനിലിന്റെ കുടുംബ വസ്തുവായ കുരയ്ക്കണ്ണി മംഗലത്ത് വീട് 22 ലക്ഷം രൂപയ്ക്ക് അറ്റാച്ച് ചെയ്തതിലുള്ള പ്രതികാരമാണ് ആക്രമണത്തിൽ കലാശിച്ചത്. കൊലപാതകത്തിന് മുമ്പുവരെ ബാബു-പ്രീത ദമ്പതികളുടെ വിവാഹ വാർഷികം ആഘോഷിക്കാൻ മക്കൾ മൂന്നുപേരും ഫ്ലാറ്റിൽ ഒത്തുചേർന്നിരുന്നു. ഇതിൽ അനിലിനെ ഒഴിവാക്കിയതും അനിലിനെ ചൊടിപ്പിച്ചു. അനിൽ സംഭവദിവസം ആറ്റിങ്ങലും വർക്കലയിലും സുഹൃത്തുക്കളുമായി മദ്യപിച്ചിരുന്നതായും പറയുന്നു. കുടുംബവും വീടും നഷ്ടപ്പെടുമെന്ന ഭീതിയാണ് പിന്നീട് കൊലപാതകത്തിൽ എത്തിച്ചത്. കൊലപാതകത്തിനായി ചുറ്റികയും അനിൽ നേരത്തെ കൈയിൽ കരുതിയിരുന്നതായാണ് വിവരം.