തിരുവനന്തപുരം: നന്ദാവനം എ.ആർ ക്യാമ്പിൽ എസ്.ഐമാർ പരസ്യമായി തമ്മിലടിച്ചു. ഷർട്ട് വലിച്ചുകീറിയും കഴുത്തിന് കുത്തിപ്പിടിച്ചും ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞുമായിരുന്നു ഏറ്റുമുട്ടൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് 2ഓടെ ഓഫീസേഴ്‌സ് ബാരക്കിലായിരുന്നു സംഭവം. നിരവധി പൊലീസുകാർ ഈ സമയം ബാരക്കിലുണ്ടായിരുന്നു. ഏറ്റുമുട്ടൽ ഏറെനേരം നീണ്ടു. പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല.

എ.ആർ ക്യാമ്പിനുള്ളിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ തർക്കമാണ് കൈയാങ്കളിയിലെത്തിയത്. ഒരാൾ ക്ഷേത്ര ഭരണസമിതി മുൻ പ്രസിഡന്റും മറ്റേയാൾ ഇപ്പോഴത്തെ സെക്രട്ടറിയുമാണ്. ക്ഷേത്രത്തിലെ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചില്ലെന്നു പറഞ്ഞായിരുന്നു തർക്കം. തുടർന്ന് ഇരുവരും പരസ്പരം മർദ്ദിക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തതായി സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞു. ബാരക്കിലുണ്ടായിരുന്ന ഭക്ഷണപ്പൊതികളും പാറക്കല്ലുകളും വലിച്ചെറിഞ്ഞു. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

ഇരുവരെയും കമൻഡാന്റ് വിളിച്ചുവരുത്തി അന്വേഷണം നടത്തി. കൈയാങ്കളിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എ.ആർ ക്യാമ്പ് അധികൃതർ അറിയിച്ചു. മുമ്പും ഈ ഉദ്യോഗസ്ഥർക്കെതിരെ പരാതികളുണ്ടായിരുന്നതായി ക്യാമ്പിലെ പൊലീസുകാർ പറയുന്നു. ബാരക്കിലിരുന്ന് മദ്യപിച്ചതിനും മെസ്സിൽ ഭക്ഷണത്തിന് പണം നൽകാത്തതിനും ഇവർക്കെതിരെ പരാതിയുണ്ട്. ഇതേത്തുടർന്ന് ഇതിലൊരാളെ ഡ്യൂട്ടിയിടുന്ന ചുമതലയിൽ നിന്ന് നാലുമാസം മുമ്പ് കമ്മിഷണർ മാറ്റിനിറുത്തിയിരുന്നു.