wayanad

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം അടക്കമുള്ള സമഗ്ര പാക്കേജ് തയാറാക്കുന്നതിൽ ഏറെ സങ്കീർണതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ,ഇന്നലത്തെ മന്ത്രിസഭായോഗത്തിലും തീരുമാനമായില്ല.

യോഗത്തിലെ പ്രധാന അജണ്ട വയനാട് ദുരന്തവും രക്ഷാപ്രവർത്തനങ്ങളും തുടർന്നുള്ള പുനരധിവാസവുമായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ പുനരധിവാസം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ദുരന്തവുമായി ബന്ധപ്പെട്ടു രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ചാകും ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എല്ലാം നഷ്ടമായവരുടേയും നഷ്ടപരിഹാരവും പുനരധിവാസവും ഉൾപ്പെടെയുള്ള സമഗ്ര പാക്കേജ് തയാറാക്കുക. സർക്കാർ നിർമ്മിക്കുന്ന നിർദ്ദിഷ്ട ടൗൺഷിപ്പിൽ ചേരാൻ താൽപര്യമില്ലാത്തവരുണ്ടോയെന്നും അന്വേഷിക്കും.ഇക്കാര്യത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരുമായി ആശയ വിനിമയം നടത്താൻ മന്ത്രിസഭാ ഉപസമിതിക്ക് നിർദ്ദേശം നൽകി.

രക്ഷാപ്രവർത്തനവും കാണാതായവർക്കായുള്ള തെരച്ചിലും അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതു വരെ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ വയനാട്ടിൽ തുടരാനാണ് ഇന്നലെ ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് അടുത്ത മന്ത്രിസഭായോഗത്തിൽ സമഗ്ര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വീടുനിർമിച്ചു നൽകാമെന്ന വാഗ്ദാനവുമായി നിരവധി രാഷ്ട്രീയപാർട്ടികളും സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.അതും പാക്കേജിൽ പരിഗണിക്കും.

വയനാട്ടിലെ നിലവിലെ സ്ഥിതിഗതികൾ ഉപസമിതി അംഗങ്ങളായ മന്ത്രിമാർ വിവരിച്ചു.ദുരന്തത്തിന് ഇരയായവരെ മുൻകാല വായ്പയുടെയും പണമിടപാടുകളുടെയും കാര്യത്തിൽ പീഢിപ്പിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനമായി. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെപ്പോലും ചില സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ ദ്രോഹിക്കുന്നതായി മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ അറിയിച്ചു..ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുമായി സർക്കാർ പ്രതിനിധികൾ സംസാരിക്കും. ഇത്തരം നിലപാട് ധനകാര്യ മാനേജ്‌മെന്റുകൾ തുടർന്നാൽ സംസ്ഥാന സർക്കാർ നേരിടും.വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളെ ദുരന്ത ബാധിത വില്ലേജുകളായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങൾക്കെതിരേ ഇത്തരം നടപടി സ്വീകരിക്കുന്നവർക്കെതിരെ

കേസെടുക്കും.