വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് രണ്ടാമത്തെ അമ്മക്കപ്പൽ ഈ മാസം എത്തിയേക്കും. 13നും 15നും ഇടയ്ക്ക് എത്തുമെന്നാണ് സൂചന. ഇതുസംബന്ധിച്ചുള്ള കപ്പൽ കമ്പനിയുടെ അറിയിപ്പ് തുറമുഖ അധികൃതർക്ക് ലഭിച്ചതായാണ് വിവരം. വലിയ കപ്പലായതിനാൽ ഇവിടെയിറക്കുന്ന കണ്ടെയ്നറുകളുടെ എണ്ണം കൂടിയേക്കും.

ആദ്യമെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്ന് 2,000ഓളം കണ്ടെയ്നറുകളാണ് വിഴിഞ്ഞത്തിറക്കിയത്. കപ്പൽ അടുപ്പിക്കാനും കണ്ടെയ്‌നർ നീക്കത്തിനുമുള്ള നിരക്ക് പ്രഖ്യാപിച്ചതോടെ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തേക്കടുക്കും. ട്രയൽ റണ്ണിന്റെ ഭാഗമായാണ് നിലവിൽ കപ്പലുകൾ അടുപ്പിക്കുന്നത്. ക്രെയിനുകളുടെ ഓപ്പറേഷൻ ഉൾപ്പെടെയുള്ള സാങ്കേതികത്വവും ഇതിലൂടെ പരിശോധിക്കുകയാണ്. ട്രയൽറൺ പൂർത്തിയായാൽ ഓണത്തിനുശേഷം തുറമുഖ കമ്മിഷനിംഗ് നടക്കും. കപ്പൽ അടുപ്പിക്കുന്നതിനുള്ള ഡ്യൂസ്, പൈലറ്റ് ചാർജ്, ബർത്ത് വാടക തുടങ്ങിയവയാണ് മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് പകുതിയായി കുറച്ചത്. കൂടുതൽ കപ്പലുകൾ വരുന്നതോടെ സർക്കാരിന് നികുതിയിനത്തിൽ വൻ സാമ്പത്തിക ലാഭമുണ്ടാകും.

രണ്ടാംഘട്ടം ഉടനില്ല

ആദ്യഘട്ടത്തിലെ പുലിമുട്ടിന് മുകളിലെ റോഡ് കോൺക്രീറ്റ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കണ്ടെയ്നറുകൾ ഇറക്കിവയ്ക്കാനുള്ള യാർഡിന്റെ പണികളും നടക്കുന്നുണ്ട്. രണ്ടാംഘട്ട നിർമ്മാണത്തിനായുള്ള പദ്ധതി സംബന്ധിച്ച പബ്ളിക് ഹിയറിംഗ് മാത്രമാണ് നടന്നത്. പരിസ്ഥിതി ആഘാതപഠനമുൾപ്പെടെ നടത്തിയ ശേഷമാകും രണ്ടാംഘട്ടം ആരംഭിക്കുക.

തൊഴിൽ അന്വേഷകർ

വിഴിഞ്ഞത്തേക്ക്

തുറമുഖം യാഥാർത്ഥ്യമായതോടെ തൊഴിലന്വേഷകരുടെ എണ്ണം വർദ്ധിക്കുകയാണ്. അദാനി തുറമുഖ കമ്പനിയിലേക്ക് ആയിരത്തിലധികം മെയിലുകളും അപേക്ഷകളും എത്തിയതായാണ് വിവരം. കൂടാതെ ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട് മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വിഴിഞ്ഞത്തേക്ക് ഉറ്റുനോക്കുകയാണ്.