
തിരുവനന്തപുരം: കേസുകൾ സ്വയം വാദിക്കുന്ന കുപ്രസിദ്ധ കള്ളൻ 'വക്കീൽ സജീവ് എന്നറിയപ്പെടുന്ന അന്തർ സംസ്ഥാന മോഷ്ടാവിനെ പൂജപ്പുര പൊലീസ് പാലക്കാട്ടു നിന്ന് പിടികൂടി. ഒറ്റപ്പാലം തോട്ടക്കര ശ്രീകൃഷ്ണവിലാസത്തിൽ സജീവിനെയാണ് (68) പിടികൂടിയത്. സർക്കാർ ജീവനക്കാർ താമസിക്കുന്ന കരമന മേലാറന്നൂർ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ നിന്ന് എട്ടര പവന്റെ ആഭരണങ്ങൾ കവർന്ന കേസിലാണ് അറസ്റ്റ്. ജൂലായ് 19നായിരുന്നു മോഷണം. ബ്ലോക്ക് നമ്പർ 17/200ൽ സെക്രട്ടേറിയറ്റ് ജീവനക്കാരിയായ ജിഷയുടെ വീടാണ് കുത്തിത്തുറന്നത്.
35 വർഷമായി മോഷണരംഗത്തുള്ള സജീവ് പ്രധാനമായും ഫ്ലാറ്റുകളും ക്വാർട്ടേഴ്സുകളിലും ഓഫീസുകളിലും ആളില്ലാത്ത തക്കം നോക്കിയാണ് മോഷണങ്ങൾ നടത്തുന്നത്. വിവിധ ജില്ലകളിലായി 50 മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ട്. ജൂലായ് 5ന് വിയ്യൂർ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയശേഷമാണ് മേലാറന്നൂർ ക്വാർട്ടേഴ്സിലടക്കം മോഷണം നടത്തിയത്.
കന്റോൺമെന്റ് എ.സി.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പൂജപ്പുര എസ്.എച്ച്.ഒ ഷാജിമോൻ.പി.,സബ് ഇൻസ്പെക്ടർമാരായ അഭിജിത്ത്,സുധീഷ്,സന്തോഷ് കുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ,ഉണ്ണികൃഷ്ണൻ,അനുരാഗ്,ഉദയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.