കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റില്ലെന്ന നിലപാടാണ് മുമ്പ് സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരുന്നതെങ്കിലും കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്ന കേന്ദ്രത്തിന്റെ കർശന നിർദ്ദേശം പുറത്തുവന്നതോടെയാണ് പേരുമാറ്റാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
സബ് സെന്ററുകൾ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെൽത്ത് സെന്റർ, സാമൂഹ്യ ആരോഗ്യ കേന്ദ്രം, (സി.എച്ച്.സി) പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്.സി), അർബൻ ഫാമിലി ഹെൽത്ത് സെന്റർ (യു.പി.എച്ച്.സി), അർബൻ പബ്ലിക് ഹെൽത്ത് സെന്റേഴ്സ് എന്നിവയുടെ പേരാണ് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ബോർഡിൽ പേര് എഴുതണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ ബോർഡിൽ ഉണ്ടായിരിക്കണം. 2023 ഡിസംബറിനുള്ളിൽ ആശുപത്രികളുടെ പേര് മാറ്റണമെന്നായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ നീണ്ടുപോകുകയായിരുന്നു.