തിരുവനന്തപുരം:കലാപങ്ങളും തീവ്രവാദവും അടിച്ചമർത്തിയും രഹസ്യാന്വേഷണത്തിൽ മികവുകാട്ടിയും പേരെടുത്ത ഡി.ജി.പി ഡോ.ടി.കെ.വിനോദ്കുമാർ ഇനി അമേരിക്കൻ യൂണിവേഴ്സിറ്റി പ്രൊഫസർ. നോർത്ത് കരോളിന സർവകലാശാലയിൽ സോഷ്യോളജി ആൻഡ് ക്രിമിനോളജി പ്രൊഫസറായി ചുമതലയേൽക്കാൻ തിങ്കളാഴ്ച പോവും.
വിജിലൻസ് മേധാവി സ്ഥാനത്തു നിന്നുള്ള സ്വയം വിരമിക്കൽ 11ന് പ്രാബല്യത്തിലാവും. ഇന്ന് എസ്.എ.പി ക്യാമ്പിൽ വിടവാങ്ങൽപരേഡ്. 2025ആഗസ്റ്റ് വരെ സർവീസുണ്ടായിരുന്നു.
കോഴിക്കോട് കമ്മിഷണറായിരിക്കെ 2003ലെ മാറാട് കലാപം അമർച്ച ചെയ്തതിനെ ജുഡീഷ്യൽ കമ്മിഷൻ പ്രശംസിച്ചു. കല്ലുവാതുക്കൽ മദ്യദുരന്തം, കാശ്‌മീർ റിക്രൂട്ട്മെന്റ്, വാഗമൺ സിമി ക്യാമ്പ്, പാനായിക്കുളം സിമി കേസുകൾ എന്നിവയിൽ വിനോദ്കുമാറിന്റെ കുറ്റാന്വേഷണ മികവ് കണ്ടു. ആറുവർഷം ഇന്റലിജൻസ് മേധാവിയായിരുന്നപ്പോൾ എട്ടരലക്ഷം യുവാക്കൾക്ക് മതമൗലികവാദ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പരിശീലനം നൽകി. കേംബ്രിഡ്‌ജ്, ചാൾസ്‌സ്റ്റർട്ട് യൂണിവേഴ്സിറ്റികൾ, ലണ്ടൻ സ്കൂൾഒഫ് ഇക്കണോമിക്സ്, ഐ.ഐ.എം അഹമ്മദാബാദ് എന്നിവയുടെ പരിശീലനമുറപ്പാക്കി. അക്കാഡമി ഡയറക്ടറുടെ ചുമതലയുമുണ്ടായിരുന്നു.
പെട്രോളിയം എൻജിനിയറിംഗ് ബിരുദധാരിയാണ്. 1992ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥൻ. കൊല്ലം അസിസ്റ്റന്റ് സൂപ്രണ്ടായി തുടക്കം.
ക്രിമിനൽ ജസ്റ്റിസിൽ പി.ജിയും അമേരിക്കയിലെ ഇന്ത്യാന വാഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേടി. 2013ൽ പൊലീസിംഗിനെക്കുറിച്ചുള്ള പുസ്തകം ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചു. രാഷ്ട്രപതിയുടെ സ്തുത്യർഹ, അതിവിശിഷ്ട സേവാമെഡലുകളും ലഭിച്ചു. കണ്ണൂർ സ്വദേശിയാണ്. സപ്‌നയാണ് ഭാര്യ. ആർക്കിടെക്ടായ അഭിഷേകും ബ്രിട്ടനിലെ ബ്രിസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥി അഞ്ജലിയും മക്കൾ.
''സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്. പൊലീസിൽ നല്ല അനുഭവങ്ങളായിരുന്നു. ഇത് പുസ്തകമാക്കുന്നുണ്ട്. എല്ലാവർക്കും നന്ദി''
-ടി.കെ.വിനോദ്കുമാർ