ആറ്റിങ്ങൽ: ദേശീയപാത ബൈപ്പാസ് നിർമ്മാണം നടക്കുന്ന ആലംകോട് പാലാംകോണം ജംഗ്ഷന് സമീപം ആറുവരിപ്പാതയ്ക്കായി ആഴത്തിൽ കുഴിച്ച ഭാഗത്ത് മണ്ണിടിച്ചിൽ വ്യാപകമാകുന്നു. കഴിഞ്ഞദിവസവും ഇവിടെ നിർമ്മാണം പൂർത്തിയാകാത്ത സർവീസ് റോഡിലേക്ക് പത്ത് മീറ്ററോളം നീളത്തിലാണ് വൻ ശബ്ദത്തോടെ മണ്ണ് ഇടിഞ്ഞുവീണത്. ഇവിടെ സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയായില്ലെങ്കിലും നിരവധി വാഹനങ്ങൾ ഈ വഴി പോകുന്നുണ്ട്. സർവ്വീസ് റോഡിനേക്കാൾ ഇരുപതടി താഴ്ചയിലാണ് പ്രധാന നാലുവരിപ്പാത നിർമ്മിക്കുന്നത്. ഇതിനായി ഭാഗീകമായി മണ്ണ് മാറ്റിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളും മണ്ണിടിച്ചിലിന് കാരണമാകുന്നു.
സംരക്ഷണഭിത്തി അനിവാര്യം
സ്വകാര്യവ്യക്തികളുടെ നിരവധിഭൂമിയാണ് ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുള്ളത്. നിർമ്മാണത്തിനായി ഇടിച്ചിറക്കിയതിന്റെ ബാക്കിഭാഗമാണ് ഇടിഞ്ഞുവീഴുന്നത്. ഇതിന് തൊട്ടടുത്തായി ആൾതാമസമില്ലാതെ കിടക്കുന്ന വീടിന്റെ അടിഭാഗത്തുനിന്നും മണ്ണിടിച്ചിൽ ആരംഭിച്ചിട്ടുണ്ട്. മണ്ണെടുത്ത സ്ഥലങ്ങളിൽ ശക്തമായ സംരക്ഷണഭിത്തി സ്ഥാപിച്ചില്ലെങ്കിൽ ഈ മേഘലയിൽ മണ്ണിടിച്ചിൽ വ്യാപകമാകുമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനായി നിരവധി തവണ ബന്ധപ്പെട്ടവരെ നേരിൽ കണ്ട് പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.