ranji-panikker

16 വർഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ. രഞ്ജി പണിക്കർ തന്നെ രചന നിർവഹിക്കുന്ന ചിത്രം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നിർമ്മാണം. ഫഹദിന്റെ 41-ാം പിറന്നാൾ ദിനത്തിൽ ഒരുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവച്ചാണ് രഞ്ജിപണിക്കർ പ്രഖ്യാപനം നടത്തിയത്. വൻതാര നിര അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന ചിത്രത്തിന് രചന നിർവഹിച്ചാണ് രഞ്ജി പണിക്കർ സിനിമയിലേക്ക് എത്തുന്നത്. സുരേഷ് ഗോപി നായകനായ തലസ്ഥാനം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാകുന്നത്. സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, മാഫിയ, കമ്മിഷണർ,

ദ കിംഗ് എന്നീ ചിത്രങ്ങൾ ചരിത്ര വിജയം നേടി. ജോഷിയുടെ സംവിധാനത്തിൽ രഞ്ജി പണിക്കർ തിരക്കഥ എഴുതിയ പത്രം, ലേലം എന്നീ ചിത്രങ്ങൾ മെഗാഹിറ്റായിരുന്നു. 2005 ൽ ഭരത് ചന്ദ്രൻ ഐ.പി.എസ് എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. 2008 ൽ മമ്മൂട്ടി നായകനായി രൗദ്രം എന്ന ചിത്രവും സംവിധാനം ചെയ്തു. നടൻ, നിർമ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്ത സ്ക്രീട്ട് എന്ന ചിത്രം ആണ് അവസാനമായി റിലീസ് ചെയ്തത്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഭാവന പ്രധാന വേഷത്തിലെത്തുന്ന ഹണ്ട് എന്ന ചിത്രമാണ് രഞ്ജി പണിക്കരുടേതായി റിലീസിന് ഒരുങ്ങുന്നത്.