തൃശൂർ: സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ ടി.എ.സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് അടക്കം സ്വത്തുവകകൾ സുന്ദർ മേനോനുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് വിശദമായി വിവരം തേടി. 29 ലക്ഷം നഷ്ടപ്പെട്ടുവെന്ന് കാട്ടി ഇന്നലെ വെസ്റ്റ് സ്റ്റേഷനിൽ ഗുരുവായൂർ സ്വദേശി പരാതി നൽകി.
കൂടുതൽ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതി ലഭിച്ചതോടെ പൊലീസ് വ്യാപക അന്വേഷണം തുടങ്ങി. മറ്റ് ജില്ലകളിലെ സ്റ്റേഷനിലടക്കം കേസെടുത്തതിനാൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞദിവസം ചേർപ്പ്, എരുമപ്പെട്ടി, പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലും സുന്ദർമേനോനെതിരെ കേസെടുത്തിരുന്നു. ആദ്യഘട്ടത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ 18 കേസാണുണ്ടായിരുന്നത്. 300 ഓളം നിക്ഷേപകർ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നൽകി. ബഡ്‌സ് ആക്ട് പ്രകാരം സുന്ദർ മേനോന്റെയും മറ്റു ഡയറക്ടർമാരുടെയും സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും തുടരുകയാണ്.
രാഷ്ട്രീയ, സാമൂഹിക ഇടപെടലുകളും സ്വാധീനവും വിശ്വാസത്തിലെടുത്താണ് കോടിക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകർ പറയുന്നു. പലിശയോ മുതലോ നിക്ഷേപകർക്ക് നൽകാൻ കമ്പനി തയ്യാറായിട്ടില്ല. മാരകരോഗം ബാധിച്ച നിക്ഷേപകർക്ക് പോലും തുക തിരിച്ചു നൽകാൻ തയ്യാറായില്ലെന്ന പരാതിയുമുണ്ട്. സുന്ദർ മേനോൻ ചെയർമാനായിരുന്ന ഹീവാൻ ഫിനാൻസ് കമ്പനി നിക്ഷേപം സ്വീകരിച്ചിരുന്നത് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണെന്നാണ് നിക്ഷേപകരുടെ മൊഴി.