കാസർകോട്: നിരവധി പേരെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖര (34)നെതിരെ വീണ്ടും കേസ്. വിവാഹ വാഗ്ദാനം ചെയ്ത് പല തവണയായി 1,14,000 രൂപ തട്ടിയെന്നാണ് കേസ്. പുല്ലൂർ കൊടവലം ഉദയനഗർ എടമുണ്ടയിലെ അജേഷി (20)ന്റെ പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്.

അജേഷിന്റെ ബന്ധുവായ സുജിത്തിനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും പിന്നീട് തട്ടിപ്പ് നടത്തിയന്നുമാണ് പരാതി. ശ്രുതി ഐ.എസ്.ആർ.ഒ യിലെ ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച് വിവാഹ താൽപര്യം അറിയിക്കുകയായിരുന്നു. ഇതിന്റെ പേരിൽ വാട്ട്സ് ആപ്പിലേക്ക് പല പ്രാവശ്യം ബന്ധപ്പെട്ട് പണം വാങ്ങിയെന്നാണ് പരാതി. സുജിത്തിന്റെ ഗൂഗിൾ പേ വഴി 14,000 രൂപയാണ് ആദ്യം വാങ്ങിയത്. പിന്നീട് കഴിഞ്ഞ മാർച്ച് 31 ന് വ്യാജ വീഡിയോയും ഫോട്ടോയും കാണിച്ച് ഭീഷണിപ്പെടുത്തി കൊടവലത്തുവെച്ച് അരലക്ഷം രൂപയും, ഏപ്രിൽ 29 ന് പൊയിനാച്ചിയിൽ വെച്ച് അരലക്ഷം രൂപയും വാങ്ങി ചതിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

മേൽപ്പറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ശ്രുതി ഇപ്പോൾ റിമാന്റിലാണ്. ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങൾ അന്വേഷിച്ച ബന്ധുവിനെയും, പൊലീസ് ഉദ്യോഗസ്ഥനെയും പോക്‌സോ കേസിൽ കുടുക്കിയിരുന്നു. ശ്രുതി ചന്ദ്രശേഖരൻ വിരിച്ച വലയിൽ കുടുങ്ങിയ പൊലീസുകാരനെതിരെ ആദ്യം സ്ത്രീ പീഡനത്തിനാണ് യുവതി പരാതി നൽകിയത്. ജയിലിലായ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. തട്ടിപ്പ് വിവരങ്ങൾ പുറത്താവുമെന്ന് മനസിലായതോടെ യുവതി ഈ ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ് നൽകുകയായിരുന്നു. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടർമാരും ഉൾപ്പെടെയുള്ള നിരവധി പേർ ശ്രുതിയുടെ തട്ടിപ്പിന് ഇരയായതായാണ് സൂചന.