കാസർകോട്: ജില്ലാ കോടതി സമുച്ചയത്തിലെ റെക്കാർഡ് മുറിയുടെ പൂട്ട് തകർത്ത് കവർച്ചാ ശ്രമം നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് സംഘം എറണാകുളത്ത് ഒരാളെ വലയിലാക്കിയതായി സൂചന. കോടതിയിൽ നിന്ന് ലഭിച്ച സി.സി. ടി.വി ദൃശ്യത്തിലെ ആളിനെ പിന്തുടർന്ന് പോയ വിദ്യാനഗർ എസ്.ഐ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ വലയിലാണ് പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കുടുങ്ങിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് കാസർകോട് എത്തിച്ചതിന് ശേഷം കൂടുതൽ ചോദ്യം ചെയ്താലേ കവർച്ച ശ്രമവുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാൻ പറ്റുകയുള്ളൂ. കോടതിയിൽ നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യത്തിൽ അകത്ത് കയറിയ യുവാവിന്റെ ചിത്രം വ്യക്തമായി പതിഞ്ഞിരുന്നു. ഡ്യുട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ഓടിയെത്തിയപ്പോൾ ഇടതുഭാഗത്തെ ഗേറ്റിലൂടെ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. കോടതി മുറിയിൽ ഇയാൾ എന്തിനാണ് എത്തിയതെന്ന കാര്യം ദുരൂഹമായി തുടരുകയായിരുന്നു. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇയാൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടത് ആകാനാണ് സാദ്ധ്യത എന്ന് കരുതുന്നു. കോടതിയിലെയും കുമ്പള സഹകരണ ബാങ്കിലെയും കവർച്ചാശ്രമങ്ങൾ, നായൻമാർമൂല സ്‌കൂളിലെ കവർച്ചാശ്രമം തുടങ്ങിയ കേസുകളിലടക്കം അന്വേഷണം ഉർജ്ജിതമാക്കാൻ സ്‌പെഷ്യൽ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. കാസർകോട് ഡിവൈ.എസ്.പി സി.കെ സുനിൽകുമാറിന്റെ കീഴിൽ വിദ്യാനഗർ ഇൻസ്‌പെക്ടർ യു.പി വിപിൻ, കുമ്പള ഇൻസ്‌പെക്ടർ കെ.പി വിനോദ്കുമാർ, മഞ്ചേശ്വരം ഇൻസ്‌പെക്ടർ രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. സംഭവസമയത്തെ മൊബൈൽ ടവർ ലൊക്കേഷൻ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ജില്ലാ കോടതി സമുച്ചയത്തിന്റെ പ്രവേശനഭാഗത്തെ ഗ്രിൽസിന്റെയും റെക്കാഡ് മുറിയുടെയും പൂട്ട് തകർത്തയാൾ തന്നെയാണ് നായൻമാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓഫീസ് മുറിയുടെ പൂട്ടും തകർത്തതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നിഗമനം.