d

മഞ്ചേരി: ഓട്ടോയിൽ മദ്യവിൽപ്പന നടത്തിയ യുവാവ് മഞ്ചേരി എക്‌സൈസിന്റെ പിടിയിൽ. പയ്യനാട്
വടക്കാങ്ങര ചെമ്പ്രശ്ശേരി വീട്ടിൽ സാദിഖലി കോയ തങ്ങളെയാണ്(30) പിടികൂടിയത്. ഇയാളിൽ നിന്നും 12 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മൊബൈൽ ഫോണും 3440 രൂപയും കസ്റ്റഡിയിലെടുത്തു.
മഞ്ചേരി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എം. ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പട്രോളിംഗിനിടയിൽ മഞ്ചേരി മെഡിക്കൽ കോളേജിന്റെ പാർക്കിംഗ് ഗ്രൗണ്ടിന് സമീപം വച്ച് പ്രതിയെ പിടികൂടിയത്. സമാന കുറ്റത്തിന് പാണ്ടിക്കാട് പൊലീസെടുത്ത കേസിൽ ജാമ്യത്തിലിറങ്ങിയതേയുള്ളൂ. ഓട്ടോറിക്ഷ താത്ക്കാലികമായി വിട്ടു കിട്ടിയ ശേഷമാണ് വീണ്ടും മദ്യവിൽപ്പനയ്ക്കിറങ്ങിയത്. നേരത്തെ മഞ്ചേരി എക്‌സൈസും അബ്കാരി കേസെടുത്ത് മറ്റൊരു ഓട്ടോറിക്ഷ കണ്ടു കെട്ടിയിട്ടുണ്ട്. മൊബൈൽ ഫോണിൽ ആവശ്യപ്പെടുന്ന ആളുകൾക്ക് അമിതവില ഈടാക്കി മഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് ഓട്ടോയിൽ മദ്യമെത്തിച്ച് കൊടുക്കുന്നവരിൽ പ്രധാനിയാണ്. ഏതാനും ആഴ്ചകളായി എക്‌സൈസ് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എൻ. വിജയൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.ശ്രീജിത്ത്, സുനീർ എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.