വെഞ്ഞാറമൂട്: വിരമിച്ച ശേഷമാണെങ്കിലും എ.ഷാനവാസിന് ഐ.പി.എസ് ലഭിച്ചതിൽ വെഞ്ഞാറമൂട്ടിലെ ജനങ്ങൾ അഭിമാനിക്കുകയാണ്. 2022ൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിൽ നിന്ന് എസ്.പി ആയാണ് വെഞ്ഞാറമൂട് നാഗരുക്കുഴി സ്വദേശിയായ ഷാനവാസ് വിരമിച്ചത്. 2021ലെ പട്ടികയിലുൾപ്പെടുത്തിയാണ് ഷാനവാസിന് കേന്ദ്രം ഐ.പി.എസ് നൽകിയത്. വിരമിച്ചെങ്കിലും ഐ.പി.എസ് ലഭിച്ചതിനാൽ വീണ്ടും സർവീസിൽ പ്രവേശിച്ച് 60 വയസുവരെ തുടരാം.
വെഞ്ഞാറമൂട് ഗവൺമെന്റ് ഹൈസ്കൂളിലായിരുന്നു ഷാനവാസിന്റെ സ്കൂൾ വിദ്യാഭ്യാസം. 1995ലാണ് ഷാനവാസ് പൊലീസ് സേനയിൽ ചേർന്നത്. തൃശൂർ ചാലക്കുടിയിൽ എസ്.ഐ ആയിട്ടായിരുന്നു ആദ്യ പോസ്റ്റിംഗ്. തുടർന്ന് പടിപടിയായി ഉയർന്ന് എസ്.പി ആയി റിട്ടയർ ചെയ്യുകയായിരുന്നു. ജോലിയിലായിരിക്കെ സായാഹ്ന കോഴ്സ് പഠിച്ച് എൽ.എൽ.ബിയും നേടി. ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ സി.ഐ, എറണാകുളം കുറുപ്പുംപടി, കൊല്ലം അഞ്ചൽ, തിരുവനന്തപുരത്ത് വെഞ്ഞാറമൂട്, കാട്ടാക്കട സ്റ്റേഷനുകളിൽ സി.ഐ ആയും ജോലി നോക്കി. 2009ൽ ഷാനവാസ് ഡിവൈ.എസ്.പിയായി. 2018ൽ അഡിഷണൽ എസ്.പിയായി. 2019ലാണ് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിന്റെ എസ്.പി ആയത്. അന്വേഷണ മികവിന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പൊലീസ് മെഡൽ നേടിയിട്ടുണ്ട്. വെഞ്ഞാറമൂട് സ്വദേശികളായ അബ്ദുൽ ഷഹാബ് - ഫാത്തിമ കുഞ്ഞ് ദമ്പതികളുടെ മകനാണ്. ജാസ്‌മിനാണ് ഭാര്യ. ഷബാനയും ഷബാസും മക്കളാണ്. മരുമകൻ നിയാസ്.