
തിരുവനന്തപുരം: മാലിന്യസംസ്കരണം വെല്ലുവിളിയായി നിൽക്കുന്ന രാജാജി നഗറിൽ പ്രത്യേക മാലിന്യ സംസ്കരണമൊരുക്കാൻ നഗരസഭ.ആമഴിഞ്ചാൻ തോടിന് മുകളിലോ അല്ലെങ്കിൽ ഭൂമിക്കടിയിലോ പുതിയ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് (എസ്.ടി.പി) സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.ഇതിനുവേണ്ടി ഇറിഗേഷൻ വകുപ്പ് വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നുണ്ട്.രാജാജി നഗറിൽ നിന്നുണ്ടാകുന്ന മലിനജലം സംസ്കരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളില്ല. ഈ ജലം ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒഴുക്കി വിടുകയാണ്. ഇടുങ്ങിയ വഴികളായതിനാൽ പൊതുനിരത്തിലുള്ളത് പോലുള്ള സ്വീവേജ് സംവിധാനം സ്ഥാപിക്കാൻ നിരവധി തടസങ്ങളുണ്ട്. നഗരസഭ ഫണ്ടില്ലെങ്കിൽ സ്മാർട്ട് സിറ്റി വഴിയോ പ്രത്യേക ഫണ്ട് വഴിയോ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഡി.പി.ആർ തയ്യാറാക്കിയശേഷം ഏതാണ് ഉചിതമെന്ന പഠനം നടത്തി പദ്ധതി നടപ്പാക്കും.
തോടിന് മുകളിലെ പ്ളാന്റ്
രാജാജി നഗറിലെ ഭാഗത്തെ ആമയിഴഞ്ചാൻ തോടിന് മുകളിൽ ചെറിയ ഭാഗത്ത് സ്റ്റാബുകളിട്ട് അതിന് മുകളിൽ സ്വീവേജ് പ്ളാന്റ് സ്ഥാപിക്കും.തോട്ടിലേക്ക് അല്പം പോലും മാലിന്യമിറങ്ങാതെയായിരിക്കും നിർമ്മാണം.ഇതിന്റെ വശങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.അധികം സ്ഥലവും വേണ്ട. ഇതുകൂടാതെ രാജാജി നഗറിന് പുറത്തെ ഭാഗത്താണിത്. ഇവിടെ വെള്ളം ശുദ്ധീകരിച്ചശേഷമേ ആമയിഴഞ്ചാൻ തോട്ടിലേക്ക് തുറന്നു വിടുകയുള്ളൂ.
ഭൂഗർഭ പ്ളാന്റ്
രാജാജി നഗറിൽ പ്രത്യേക സ്ഥലം കണ്ടെത്തി ഭൂഗർഭ കണ്ടെയ്നർ മോഡൽ ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.എന്നാൽ ഇതിനായി രണ്ട് മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കണ്ടിവരും.ഇവിടെ ടാങ്ക് സ്ഥാപിച്ച് ശുദ്ധീകരണമൊക്കെ നടത്താനാകും.ഓടയുടെ മുകളിൽ സ്ഥാപിക്കുന്നതിനെക്കാൾ അല്പം കൂടി വലിയ ടാങ്ക് ഇവിടെ നിർമ്മിക്കാനാകുമെന്നാണ് വിലയിരുത്തൽ.6 മുതൽ 9 ലക്ഷം ലിറ്റർ മലിനജലം സംസ്കരണത്തിന് വേണ്ടിയുള്ള പ്ളാന്റാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
രാജാജി നഗർ
നഗരമദ്ധ്യത്തിൽ 11.5 ഏക്കറിലുള്ള കോളനി
 1500 കുടുംബങ്ങളുണ്ട്
6000 പേരെങ്കിലും താമസക്കാരുണ്ടെന്നാണ് കണക്ക്
ദിനംപ്രതി 500 കിലോയിലധികം മാലിന്യം ഇവിടെയുണ്ടാകുന്നുണ്ട്
അജൈവ മാലിന്യ ശേഖരണത്തിനുള്ള എം.സി.എഫ്,ജൈവ മാലിന്യ ശേഖരണത്തിനുള്ള എയ്റോബിക്ക് ബിൻ എന്നിവ ഇവിടെ അപര്യാപ്തമാണ്.